തിരുവനന്തപുരത്ത് ലഹരി മരുന്ന് കിട്ടാത്തതിനെ തുടർന്ന് ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

0
152

തിരുവനന്തപുരത്ത് ലഹരി മരുന്ന് കിട്ടാത്തതിനെ തുടർന്ന് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പന്നിയോട് സ്വദേശി കിരൺ ആണ് പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള എയർടെലിന്റെ ടവറിൽ കയറിയത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്.പന്നിയോട് ആര്‍ സി പള്ളിക്ക് സമീപമുള്ള ടവറില്‍ ഇയാള്‍ കയറുകയായിരുന്നു. ടവറിന് മുകളിൽ കയറിയ യുവാവ് ലഹരി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.

ഒരു മണിക്കൂറോളം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം യുവാവിൻറെ കൂട്ടാളികളെത്തി. കഴിഞ്ഞ ദിവസം ഉപയോഗിച്ച ലഹരി മരുന്ന് ഇനിയും മിച്ചമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കിരൺ താഴെ ഇറങ്ങാൻ കൂട്ടാക്കിയത്. താഴെയിറങ്ങിയ യുവാവ് പൊലീസിനെയും അഗ്നി രക്ഷാസേനയേയും വെട്ടിച്ച് ഓടിക്കളഞ്ഞു.