കോയമ്പത്തൂരിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്നവർക്കെതിരെ പരാതിയുമായി കുടുംബം

0
177

മലയാളി വിദ്യാർഥിനിയെ കോയമ്ബത്തൂരില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകള്‍ ആന്‍ഫി (19) ആണ് മരിച്ചത്. ആൻഫിയുടെ മരണത്തിൽ ഒപ്പം താമസിച്ചിരുന്നവർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് സതി മെയിന്‍ റോഡിലെ എസ്‌എന്‍എസ് നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആന്‍ഫിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂടെ താമസിച്ചിരുന്നവർ തന്നെയാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്. മലയാളികളായ സഹപാഠികൾക്കൊപ്പമാണ് ആൻഫി താമസിച്ചിരുന്നത്. ഇവരുമായി ആൻഫിക്ക് പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒപ്പം താമസിക്കുന്നവരുമായി തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയ ആന്‍ഫിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും സൂചനയുണ്ട്. നാട്ടിൽ നിന്ന് മടങ്ങിയെത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ആൻഫിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഒപ്പം താമസിച്ചിരുന്ന പെൺകുട്ടികളിൽ ചിലര്‍ വീട്ടിലേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നതിനെ ആന്‍ഫി ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഈ വിവരം ആൻഫി പെൺകുട്ടികളുടെ ബന്ധുക്കളെ അറിയിച്ചിരുന്നതായും വിവരമുണ്ട്. ആൻഫിയുടെ ബന്ധുക്കളുടെ പരാതിയിൽ കോവിൽപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.