പാക് താലിബാന് അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ ആയുധങ്ങള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ട്

0
148

തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാന് (TTP) അമേരിക്കന്‍ ആയുധങ്ങള്‍ എങ്ങനെ ലഭ്യമായി എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. സ്‌മോള്‍ ആംസ് സര്‍വ്വെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാന്‍ പീസ് വാച്ച് കഴിഞ്ഞ വര്‍ഷം അവസാനം ഹെല്‍മന്ത്, കാണ്ഡഹാര്‍, നംഗര്‍ഹാര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

അതേസമയം മുന്‍ അഫ്ഗാന്‍ ദേശീയ പ്രതിരോധ സുരക്ഷാ സൈന്യത്തിന്റെ സ്റ്റോക്കുകളുടെ നിയന്ത്രണം ഏകീകരിക്കാനും നിയമവിരുദ്ധ ഡീലര്‍മാരെ തടയാനും അഫ്ഗാന്‍ താലിബാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനിടയില്‍ തെഹ്‌രീക്-ഇ-താലിബാന് യുഎസ് ആയുധങ്ങള്‍ ലഭ്യമാകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎസ് നിര്‍മിത എം4, എം16 റൈഫിളുകള്‍, നൈറ്റ് വിഷന്‍-തെര്‍മല്‍ വിഷന്‍ സൈറ്റ്‌സ്, മറ്റ് വിലയേറിയ ആയുധങ്ങൾ എന്നിവയുടെ ശേഷിക്കുന്ന സ്റ്റോക്കുകളുടെ നിയന്ത്രണം ഉറപ്പിക്കാന്‍ താലിബാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ഒരു എകെ-പാറ്റേണ്‍ റൈഫിളിന്റെ രണ്ടോ മൂന്നോയിരട്ടി വിലയുള്ളതാണ് എം45, എം16 റൈഫിളുകള്‍. എന്നാല്‍ താലിബാനുമായി സഖ്യമുണ്ടാക്കുന്ന ടിടിപി ഉള്‍പ്പടെയുള്ള ഗ്രൂപ്പുകള്‍ക്ക് യുഎസ് ആയുധങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ആഗോള തലത്തില്‍ സ്മാള്‍ ആംസ് സര്‍വ്വേയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ചെറു ആയുധങ്ങളുടെയും സായുധ ആക്രമങ്ങളുടെയും നിക്ഷ്പക്ഷമായതും, തെളിവ് അടിസ്ഥാനമാക്കിയുള്ളതുമായ അറിവുകള്‍ ആഗോളതലത്തിലെത്തിക്കുകയെന്നതാണ് സ്മാള്‍ ആംസ് സര്‍വ്വെയുടെ ലക്ഷ്യം.

അമേരിക്കന്‍ സേന ഉപേക്ഷിച്ചുപോയ അത്യാധുനിക ആയുധങ്ങളും നൈറ്റ് വിഷന്‍ ഡിവൈസുകളും നിലവില്‍ ടിടിപി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാനില്‍ ആക്രമങ്ങള്‍ അഴിച്ചുവിടാനാണ് ഈ ആയുധങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ഏകദേശം 7.12 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് യുഎസ് സൈന്യം അവിടെ ഉപേക്ഷിച്ചത് എന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് നിന്ന് പിന്‍വാങ്ങുന്നതിന് മുമ്പ് അമേരിക്ക 48 മില്യണ്‍ ഡോളറിന്റെ വെടിമരുന്ന് അഫ്ഗാന്‍ സേനയ്ക്ക് നല്‍കിയിരുന്നുവെന്ന് വിദേശകാര്യ വൃത്തങ്ങളും അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ചില പ്രദേശങ്ങളില്‍ ടിടിപി വ്യാപകമായത്. പാകിസ്ഥാന്റെ ഖൈബര്‍-പഷ്തൂണ്‍ മേഖലയിലെ വടക്ക്-പടിഞ്ഞാറ് പ്രവിശ്യയിലാണ് ടിടിപി വേരുറപ്പിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ 150ലധികം ആക്രമണമാണ് ടിടിപി നടത്തിയത്. നിരവധി പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ ജീവന്‍ ന്ഷ്ടപ്പെട്ടത്.