പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം കൊടുത്ത് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട BBC അവതാരകനെ പുറത്താക്കി

0
188

നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം നൽകിയ കേസിൽ പ്രമുഖ അവതാരകനെ ബിബിസി പുറത്താക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടണിലെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങൾ തങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ബിബിസി അറിയിച്ചു.

2020 മുതലാണ് ബിബിസിയിലെ പ്രമുഖ അവതാരകൻ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം വാഗ്ദാനം ചെയ്തതെന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 35000 പൗണ്ടാണ് അവതാരകൻ കുട്ടിയ്ക്ക് നൽകിയതെന്നാണ് റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്. കുട്ടിയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം എന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിലുൾപ്പെട്ട അവതാരകനെപ്പറ്റിയോ കുട്ടിയെപ്പറ്റിയോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചൂഷണത്തിന് ഇരയായത് പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്ന കാര്യവും അവ്യക്തമായി തുടരുകയാണ്.

തുടർന്ന് കേസിലുൾപ്പെട്ട അവതാരകൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. ഇതേത്തുടർന്ന് ബിബിസിയിലെ നിരവധി അവതാരകർ തങ്ങളല്ല കേസിലുൾപ്പെട്ട അവതാരകൻ എന്ന് സ്വയം വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം പതിനാറ് വയസ്സുമുതലുള്ളവർ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബ്രിട്ടണിൽ നിയമവിരുദ്ധമല്ല. എന്നാൽ 18ന് താഴെയുള്ളവരുടെ അശ്ലീല ചിത്രങ്ങളെടുക്കുന്നതും അവ കൈവശം വെയ്ക്കുന്നതും ബ്രിട്ടണിൽ കുറ്റകരമാണ്.

ഇക്കഴിഞ്ഞ മെയിൽ അവതാരകനെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ ബിബിസിയെ സമീപിച്ചിരുന്നു. എന്നാൽ ഇയാൾക്കെതിരെ ബിബിസി നടപടി സ്വീകരിച്ചില്ലെന്ന് ദി സൺ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം മെയിലാണ് പരാതി സംബന്ധിച്ച വിവരം ആദ്യം അറിഞ്ഞതെന്ന് ബിബിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ വ്യാഴാഴ്ചയാണ് പുതിയ ആരോപണങ്ങൾ തങ്ങൾക്ക് ലഭിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

ഇത്തരം ആരോപണങ്ങളെ തങ്ങൾ ഗൗരവമായി കാണുന്നുവെന്നും അവയെ നേരിടാൻ തങ്ങൾക്ക് ചില ആഭ്യന്തര നടപടികളുണ്ടെന്നും ബിബിസി വ്യക്തമാക്കി.

സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി ബാഹ്യ ഏജൻസികളുമായി ബിബിസി ബന്ധപ്പെട്ടിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പോലീസ് സേവനം ഇക്കാര്യത്തിൽ സ്വീകരിച്ചുവോ എന്ന കാര്യം ബിബിസി വ്യക്തമാക്കിയിട്ടില്ല.

പരാതിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ജനങ്ങളെ അറിയിക്കുമെന്ന് ബിബിസി അറിയിച്ചു. കൂടാതെ ആരോപണ വിധേയനായ അവതാരകനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ബിബിസി വ്യക്തമാക്കി.

ആരോപണവുമായി ബന്ധപ്പെട്ട് ബിബിസി ഡയറക്ടർ ജനറലുമായി സാംസ്‌കാരിക സെക്രട്ടറി ലൂസി ഫ്രേസർ ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് ഡയറക്ടർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

‘നിലവിലെ ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് അതേപ്പറ്റി അന്വേഷിക്കാനും തെളിവുകൾ ശേഖരിക്കാനും ബിബിസിയ്ക്ക് സമയം നൽകണം. ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എല്ലാവരെയും അറിയിക്കുന്നതാണ്,” ലൂസി ഫ്രേസർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ബിബിസിയുടെ നടപടി ക്രമങ്ങൾ എത്രയും വേഗത്തിലാക്കണമെന്ന് ലേബർ പാർട്ടിയുടെ സാമ്പത്തിക വിഭാഗം വക്താവ് റേച്ചൽ റീവ്‌സ് പറഞ്ഞു.