BJPയ്ക്ക് വന്‍ തിരിച്ചടി; സിദ്ധി ജില്ലാ ജനറൽ സെക്രട്ടറി വിവേക് ​​കോൾ പാർട്ടിയിൽ നിന്ന് രാജിവച്ചു

0
95

ഈ വർഷം അവസാനത്തോടെ മധ്യ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ BJPയ്ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സിദ്ധി ജില്ലാ ജനറൽ സെക്രട്ടറി വിവേക് ​​കോൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. ആദിവാസി യുവാവിന്‍റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ രാജി.

വിവേക് ​​കോളിന്‍റെ രാജി രാജ്യം ഭരിക്കുന്ന പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയെ (BJP) ഞെട്ടിച്ചിരിയ്ക്കുകയാണ്. ബിജെപിയുടെ പ്രാദേശിക എംഎൽഎ കേദാർനാഥ് ശുക്ല പാർട്ടിയിൽ തുടരുന്നിടത്തോളം കാലം പാർട്ടിയിൽ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുമെന്നും തന്‍റെ ആദിവാസി സമൂഹത്തിന് വേണ്ടി തുറന്ന മനസോടെ പോരാടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിവേക് ​​കോൾ രാജി വച്ചത്.

തന്‍റെ തീരുമാനം അന്തിമമാണ്‌ എന്നും രണ്ടുദിവസം മുമ്പ് തന്‍റെ രാജിക്കത്ത് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ വി ഡി ശർമ്മയ്ക്ക് ഇമെയിൽ ചെയ്തതായും അദ്ദേഹം പറഞ്ഞു. കൂടാതെ തന്‍റെ രാജിയെ സംബന്ധിക്കുന്ന വിവരം ബിജെപി ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും നല്‍കിയതായി അദ്ദേഹം പറഞ്ഞു.

വിവേക് ​​കോളിന്‍റെ രാജിക്കത്ത് ബിജെപിയെ വെട്ടിലാക്കും എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ബിജെപിയുടെ കാലത്ത് നടന്ന അഴിമതി, അക്രമ സംഭവങ്ങളുടെ വെളിപ്പെടുത്തല്‍ രാജി ക്കത്തിലൂടെ അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്.

ബിജെപിയില്‍ ചേർന്ന കാലം മുതൽ പൂർണ അർപ്പണബോധത്തോടെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് കോൾ രാജിക്കത്തിൽ കുറിച്ചു. എന്നാല്‍, അധികാര ദുർവിനിയോഗം നടത്തി എല്ലായിടത്തും ഭീകരത സൃഷ്‌ടിച്ച കേദാർനാഥ് ശുക്ല എന്ന എംഎൽഎയുടെ പ്രവൃത്തികൾ തന്നെ നിരന്തരം വേദനിപ്പിക്കുന്നു. ഹദ്‌ബാരോയ്ക്കും ഡോളിനും സമീപം ചിർഹട്ടിലെ ആദിവാസികളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി അവർ ആദിവാസി സഹോദരങ്ങളെ പീഡിപ്പിക്കുകയായിരുന്നുവെന്നും രാജി കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

സിദ്ധിയിലെ ബിസിനസുകാരനായ സുനിൽ ഭൂര്‍തിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും പിന്നീട് അതേ കുറ്റവാളി ധർമേന്ദ്ര ശുക്ലയെ മണ്ഡലം പ്രസിഡന്റാക്കുകയും ചെയ്തു എന്നും അദ്ദേഹം ആരോപിക്കുന്നു.

സിദ്ധിയിലെ കലാകാരന്മാര്‍ക്കും മാധ്യമപ്രവർത്തകര്‍ക്കും നേരെ അതിക്രമങ്ങള്‍ നടക്കുന്ന അവസരത്തിലാണ് “അവരുടെ പ്രതിനിധി” ഒരു ആദിവാസി സഹോദരന്‍റെ മുഖത്ത് മൂത്രമൊഴിച്ചത്. ഈ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കള്‍ക്കെതിരെ വിരല്‍ ചൂണ്ടിയ അദ്ദേഹം എംഎൽഎ കേദാർനാഥ് ശുക്ല ബിജെപിയിൽ തുടരുന്നിടത്തോളം കാലം താന്‍ അസ്വസ്ഥനായിരിയ്ക്കും എന്നും കുറിച്ചു. അതുകൊണ്ടാണ് യാതൊരു സമ്മർദവുമില്ലാതെ ആദിവാസി സഹോദരങ്ങള്‍ക്കായി തുറന്ന് പോരാടാനും പാർട്ടിയിൽ നിന്ന് രാജിവെക്കാനും താൻ തയ്യാറായത്. അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ചുർഹട്ട് സീറ്റിൽ നിന്ന് BSP സ്ഥാനാർത്ഥിയായി കോൾ മത്സരിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പരാജയപ്പെട്ടു. പിന്നീടാണ്‌ അദ്ദേഹം BJP യില്‍ ചേരുന്നത്.

ഈ വർഷാവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധി ഉൾപ്പെടെ വിന്ധ്യ മേഖലയിലെ 30-ൽ 24 സീറ്റുകളും നിലനിർത്താൻ ബി.ജെ.പി ഊർജിത ശ്രമങ്ങൾ നടത്തുന്ന സമയത്താണ് കോളിന്‍റെ രാജി.

അതേസമയം, ഒരു വശത്ത് നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുമ്പോള്‍ മറു വശത്ത് അതിക്രമത്തിന് ഇരയായ ദുഷ്മത് റാവത്ത് മറ്റൊരു നിലപാട് സ്വീകരിച്ചിരിയ്ക്കുകയാണ്. അതായത്, മൂത്രമൊഴിച്ച സംഭവത്തിൽ കുറ്റവാളിയായ പ്രവേശ് ശുക്ലയെ വിട്ടയയ്ക്കണം എന്നാണ് ഇപ്പോള്‍ ഇയാള്‍ ആവശ്യപ്പെടുന്നത്.

“പ്രതിയ്ക്ക് ഒരു തെറ്റ് പറ്റി, അയാള്‍ക്ക് തന്‍റെ തെറ്റ് തിരിച്ചറിഞ്ഞു. പ്രവേശ് ശുക്ലയെ മോചിപ്പിക്കണം,അയാള്‍ ഞങ്ങളുടെ ഗ്രാമത്തിലെ പണ്ഡിതാണ്, അവനെ വിട്ടയക്കാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു”, ദുഷ്മത് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രാമത്തിൽ റോഡ് നിർമിക്കുന്നതല്ലാതെ സർക്കാരിനോട് ഒന്നും ആവശ്യപ്പെടുന്നില്ലെന്നും ഇരയായ ദഷ്മത് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യാഴാഴ്ച ഇരയെ ഭോപ്പാലിലേക്ക് വിളിച്ച് മുഖ്യമന്ത്രിയുടെ വസതിയിൽ കാൽ കഴുകി മാപ്പ് ചോദിച്ചിരുന്നു. ഇതോടൊപ്പം സംസ്ഥാന സർക്കാർ ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും അവളുടെ വീട് നിർമ്മാണത്തിന് ഒന്നര ലക്ഷം രൂപ അധികമായി നൽകുകയും ചെയ്തിരുന്നു.