ബംഗാള്‍ തിരഞ്ഞെടുപ്പ്: അക്രമങ്ങളില്‍ 20 മരണം ; 700 ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍

0
214

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പല ഇടങ്ങളിലും സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 700 ഓളം ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (എസ്ഇസി) ഉത്തരവിട്ടു. തിങ്കളാഴ്ച കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ റീപോളിംഗ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ സിന്‍ഹ പറഞ്ഞു.

ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ടു, അവിടെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് അക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് രാവിലെ ഗവര്‍ണര്‍ അമിത് ഷായെ കാണുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മുര്‍ഷിദാബാദ് ജില്ലയില്‍ 175 ബൂത്തുകളില്‍ റീപോളിംഗ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.

മാള്‍ഡ (110 ബൂത്തുകള്‍) നാദിയ (89); കൂച്ച് ബെഹാര്‍ (53); നോര്‍ത്ത് 24 പര്‍ഗാനാസ് (46); നോര്‍ത്ത് ദിനാജ്പൂര്‍ (42); സൗത്ത് 24 പര്‍ഗാനാസ് (36); ഈസ്റ്റ് മിഡ്‌നാപൂര്‍ (31); ഹൂഗ്ലി (29); സൗത്ത് ദിനാജ്പൂര്‍ (18); ബിര്‍ഭും ജല്‍പൈഗുരിയും (14 വീതം); വെസ്റ്റ് മിഡ്നാപൂര്‍ (10); ഹൗറയും ബാങ്കുരയും (8 വീതം); വെസ്റ്റ് ബര്‍ദ്വാന്‍ (6); പുരുലിയ (4); ഈസ്റ്റ് ബര്‍ദ്വാന്‍ (3); അലിപുര്‍ദുവാറും (1). എന്നിവയാണ് റീപോളിംഗ് ഉത്തരവിട്ട മറ്റ് ജില്ലകള്‍; സംസ്ഥാനത്ത് ആകെയുള്ള 61,636 പോളിംഗ് ബൂത്തുകളില്‍ 1 ശതമാനത്തിലധികം റീപോളിംഗ് നടക്കുന്ന ബൂത്തുകളാണ്.

ശനിയാഴ്ച നടന്ന വോട്ടെടുപ്പിനിടെ, സൗത്ത് 24 പര്‍ഗാനാസും നോര്‍ത്ത് 24 പര്‍ഗാനാസും ദിവസം മുഴുവന്‍ അക്രമം അരങ്ങേറിയിരുന്നു.വീടുവീടാന്തരം കയറി ഭീഷണിപ്പെടുത്തുകയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെയും വോട്ടര്‍മാരെയും തടയുകയും ചെയ്ത സംഭവങ്ങളുണ്ടായി.ഗ്രാമങ്ങള്‍ ഉപരോധിച്ചു, പ്രതിപക്ഷ ഏജന്റുമാരെ കാണാതായി, ക്രൂഡ് ബോംബ് സ്‌ഫോടനങ്ങളും ഉണ്ടായി. ജില്ലാ അധികാരികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ച ശേഷമാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.