കര്‍ക്കിടക വാവുബലി; തിരുവല്ലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി. ശിവന്‍കുട്ടി

0
136

ഇത്തവണത്തെ കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലത്ത് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

ബലിക്കടവുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അറിയിച്ചു. ക്രമസമാധാന പാലനത്തിനായി മഫ്തിയിലുള്‍പ്പെടെ 800 പോലീസുദ്യോഗസ്ഥരെ നിയോഗിക്കും. ക്ഷേത്ര പരിസരത്തും ബലിതര്‍പ്പണ കേന്ദ്രങ്ങളിലുമായി 16 സി.സി.ടി.വികള്‍ സ്ഥാപിച്ചു. തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി നാല്‍പ്പതോളം പ്രത്യേക സര്‍വീസുകള്‍ നടത്തും. പ്രധാന റോഡുകളിലെയും ഇടറോഡുകളിലെയും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ അന്തിമഘട്ടത്തിലാണ്.

ജലവിതരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനും ദേവസ്വം ബോര്‍ഡും ഓരോ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിക്കും. ലൈഫ് ഗാര്‍ഡുകളുടെ സേവനം അഗ്നിരക്ഷാസേനയും സ്‌കൂബ ടീമിന്റെ സേവനം വിനോദസഞ്ചാര വകുപ്പും ഒരുക്കിയിട്ടുണ്ട്. തിരുവല്ലം ക്ഷേത്രത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് , എ.ഡി.എം അനില്‍ ജോസ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗം ഡി.സി.പി വി. അജിത്, ക്ഷേത്രപ്രതിനിധികള്‍ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.