സിപിഎം ഏക സിവിൽ കോഡ് സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കുമോ? യോഗം ഇന്ന് നടക്കും

0
99

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് നടക്കും. ഏക സിവിൽകോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ചർച്ച ചെയ്യാനാണ് യോഗം. ഏക വ്യക്തിനിയമത്തിനെതിരെ അഭിപ്രായ ഐക്യമുള്ള എല്ലാവരുമായും സഹകരിയ്ക്കണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ 9.30 നാണ് യോഗം.

ഏക സിവില്‍കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്ത പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്ക് ഭയമുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിലെന്ന് വിശ്വസിക്കുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

‘ഏക സിവില്‍കോഡും സമകാലിക വിഷയവും’ എന്ന വിഷയത്തില്‍ സമസ്ത കോഴിക്കോട് പ്രത്യേക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തുകൊണ്ടാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഏക സിവില്‍കോഡിന്റെ സ്വഭാവങ്ങള്‍ ഇതുവരെ മനസിലായിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ദേശീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കാന്‍ കഴിയില്ല. വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം. സിവില്‍കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് സമസ്ത നേരിട്ട് നിവേദനം നല്‍കുമെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.