മനുഷ്യനെ ഇല്ലാതാക്കും വിധം പ്രവര്‍ത്തിക്കുമോ? യുഎന്‍ ഉച്ചകോടിയില്‍ ഉത്തരവുമായി റോബോട്ട്

0
101

ജൂലൈ 5ന് ജനീവയില്‍ നടന്ന ആഗോള യുഎന്‍ ഉച്ചകോടിയില്‍ ഹ്യൂമനോയിഡ് AI യും ഇടംപിടിച്ചിരുന്നു. റോബോട്ടുകളുടെ ലോകത്തെ ഏറ്റവും വലിയ സമ്മേളനമായിരുന്നു സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടന്നത്. ഈ സമ്മേളനത്തിനിടെ ഒരാള്‍ റോബോട്ടിനോട് ഒരു ചോദ്യം ചോദിച്ചു. തന്റെ സ്രഷ്ടാവായ മനുഷ്യനെ ഇല്ലാതാക്കും വിധം പ്രവര്‍ത്തിക്കുമോ എന്നതായിരുന്നു അത്. അമേക്ക എന്ന റോബോട്ടിനോടാണ് മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിച്ചത്. എന്തുകൊണ്ടാണ് ഈ ചോദ്യം വന്നതെന്ന് തനിക്കറിയില്ലെന്നും തന്നെ ഇങ്ങനെ സൃഷ്ടിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മറുപടി.

യുകെ ആസ്ഥാനമായുള്ള എന്‍ജിനീയറിംഗ് ആര്‍ട്‌സ് എന്ന കമ്പനിയാണ് അമേക്കയെ വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് റോബോട്ടാണ് അമേക്ക. അതേസമയം സഹായവും പിന്തുണയും നല്‍കി മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കുമെന്നും നിലവിലുള്ള പ്രവര്‍ത്തികളല്ലാതെ മറ്റൊന്നും ചെയ്യില്ലെന്നുമായിരുന്നു ഗ്രേസ് എന്ന റോബോട്ടിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് ഹെല്‍ത്ത് കെയര്‍ റോബോട്ടാണ് ഗ്രേസ്.

നേതൃത്വമേഖലയില്‍ റോബോട്ടുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാനുണ്ടെന്ന് എഐ ഉച്ചകോടിയില്‍ യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ആദ്യ റോബോട്ട് ഇന്നൊവേഷന്‍ അംബാസഡര്‍ ആയ സോഫിയ പറഞ്ഞു. ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്ക് മനുഷ്യനെക്കാള്‍ മികച്ച കാര്യക്ഷമതയും ഫലപ്രാപ്തിയോടെ കാര്യങ്ങള്‍ ചെയ്യാനുമാകും. റോബോട്ടുകളെ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ എങ്ങനെ സഹായിക്കും എന്നതും ഉച്ചകോടിയില്‍ ചര്‍ച്ചയായി