വിഴിഞ്ഞത്ത് കിണറിനുള്ളിൽ അകപ്പെട്ട മഹാരാജനെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം 32 മണിക്കൂർ പിന്നിടുന്നു. മണ്ണ് നീക്കം ചെയ്യുന്നുണ്ടെങ്കിലും ഉറവയുള്ളതിനാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയാണ് നടപടികൾ ദുഷ്കരമാക്കുന്നത്. കൊല്ലത്ത് നിന്ന് കിണർ പണി തൊഴിലാളികളെ എത്തിച്ച് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത തടി പലകകൾ സ്ഥാപിച്ച തടഞ്ഞതിനുശേഷം വെള്ളം പമ്പ് ചെയ്തു കളയുന്ന തടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അഗ്നിശമനാ സേനയുടെ തീരുമാനം.
ഇന്നലെ രാവിലെ 9 മണിക്കാണ് കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തമിഴനാട് സ്വദേശി മഹാരാജൻ അപകടത്തിൽ പെട്ടത്. ഫയർഫോഴ്സ്, പൊലീസ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മുക്കോലയിൽ സുകുമാരൻ എന്നയാളുടെ കിണറ്റിൽ റിങ് സ്ഥാപിക്കുന്നതിനിടിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞവർഷത്തെ മഴയിൽ കിണറിലെ ഉറകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇത് മാറ്റാനാണ് തൊഴിലാളികൾ എത്തിയത്.
മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠൻ എന്നയാളും കിണറ്റിലുണ്ടായിരുന്നു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. കിണറ്റിൽ റിങ് സ്ഥാപിക്കുന്നതിനിടിയിൽ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.
ജോലി പുരോഗമിക്കുന്നതിനിടയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുകയും ചെയ്തതോടെ മഹാരാജനോടും മണികണ്ഠനോടും കരയിലേക്ക് കയറാൻ വിളിച്ചുപറഞ്ഞിരുന്നു. ഇവർ കയറുന്നതിന് മുമ്പേ മണ്ണിടിയുകയായിരുന്നു. മണികണ്ഠൻ കയറിൽ പിടിച്ച് കയറി. മഹാരാജന്റെ മുകളിലേക്ക് കിണറിന്റെ മധ്യഭാഗത്തു നിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് വീഴുകയായിരുന്നു.
രക്ഷിക്കുന്നതിന് മുമ്പ് ഇയാൾ പൂർണമായും മണ്ണിനിടിയിലായി. 90 അടിയോളം താഴ്ചയുള്ള കിണറിൽ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലാണ്. തമിഴ്നാട് സ്വദേശിയായ മഹാരാജ് പതിനഞ്ച് വർഷമായി വിഴിഞ്ഞത്താണ് താമസം.a