എറണാകുളം ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം

0
151

എറണാകുളം ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സയ്ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ല.

‘സൂര്യസരസ്സ്’ എന്ന സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലിഫ്റ്റിൻ്റെ റോപ്പ് തെന്നിമാറിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തിൽ. ആയുർവേദ കേന്ദ്രത്തിലെ തെറാപ്പിസ്റ്റായ സോന, ഒഡീഷ സ്വദേശിനി പ്രീത്യുഷ എന്നിവർക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും കൈക്കും പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ഒരു വർഷം മുൻപാണ് ലിഫ്റ്റ് സ്ഥാപിച്ചത്. അപകടം നടന്ന ലിഫ്റ്റിന് ലൈസൻസ് ഇല്ലായിരുന്നു. നിർമാണത്തിലെ അപാകതയെ തുടർന്നാണ് ലൈസൻസ് അപേക്ഷ നിരസിച്ചത്. കൂടാതെ അപാകത പരിഹരിച്ച് വീണ്ടും അപേക്ഷിക്കാൻ നിർദേശിച്ചു. എന്നാൽ ഈ ലിഫ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ചിരുന്നു. സംഭവത്തിൽ ആയുർവേദ കേന്ദ്രത്തിനെതിരെ പൊലീസ് കേസെടുക്കും.