Saturday
10 January 2026
31.8 C
Kerala
HomeEntertainmentഅച്ചാണി രവിയുടെ സംസ്കാരം ഇന്ന്

അച്ചാണി രവിയുടെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി എന്ന കെ രവീന്ദ്രനാഥൻ നായരുടെ സംസ്കാരം ഇന്ന്. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമായ പബ്ലിക് ലൈബ്രറി വളപ്പിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. 1973-ൽ അച്ചാണി എന്ന സിനിമയിൽ നിന്ന് ലഭിച്ച 15 ലക്ഷം രൂപ ലാഭം നാടിന്റെ സാംസ്‌കാരിക പുരോഗതിക്കായി മാറ്റിയാണ് അദ്ദേഹം പബ്ലിക് ലൈബ്രറി നിർമ്മിച്ചത്. തന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും കലാമൂല്യമുള്ള സിനിമകൾക്കായി ചിലവഴിച്ചാണ് രവീന്ദ്രനാഥൻ നായർ യാത്രയാകുന്നത്.

ഇന്നലെയാണ് മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമ്മാതാവും തൊഴിലാളികളുടെ പ്രിയപ്പെട്ട രവി മുതലാളിയുമായ അച്ചാണി രവി അന്തരിച്ചത്. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ൽ ജനറൽ പിക്ചേഴ്സ് ആരംഭിച്ചു കൊണ്ടാണ് സിനിമാ നിർമ്മാണത്തിലേക്ക് വന്നത്. സത്യൻ നായകനായ അന്വേഷിച്ചു കണ്ടെത്തിയില്ല ആയിരുന്നു ആദ്യ സിനിമ. പിന്നീട് സമാന്തര സിനിമകളുടെ വക്താവായി. പി ഭാസ്‌കരനും, എ വിൻസെന്റും എം.ടിയും അടൂർ ഗോപാലകൃഷ്ണനും ജി അരവിന്ദനും ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ സിനിമകൾ സംവിധാനം ചെയ്‌തു.

14 സിനിമകൾ അദ്ദേഹം നിർമ്മിച്ചു. 1973 ൽ അച്ചാണി വൻ ഹിറ്റായതോടെ അച്ചാണി രവി എന്ന് അറിയപ്പെട്ട് തുടങ്ങി. നാല് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അച്ചാണി 15 ലക്ഷം ലാഭം നേടി. ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും പടുത്തുയർത്തിയത്. അതിപ്പോൾ ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗാലറിയും സഹിതം കൊല്ലം നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമാണ്.

RELATED ARTICLES

Most Popular

Recent Comments