മധ്യപ്രദേശിൽ ദളിത് യുവാക്കൾക്ക് ക്രൂരമർദ്ദനം; മുഖത്ത് കരി പുരട്ടി, ചെരിപ്പുമാല അണിയിച്ചു, ചെളി തീറ്റിച്ചു..

0
128

മുസ്ലീം യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ദളിത് വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് ക്രൂരമർദ്ദനം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. യുവാക്കളുടെ മുഖത്ത് കരി പുരട്ടിയ അക്രമികൾ, ചെരിപ്പുമാല അണിയിക്കുകയും തെരുവുകളിലൂടെ നടത്തുകയും ചെയ്തു. അതേസമയം യുവാക്കളെ കൊണ്ട് ചെളി തീറ്റിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ജൂൺ 30 ന് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ഒരു മുസ്ലീം കുടുംബത്തിലെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. യുവാക്കൾ ഗ്രാമത്തിലെ മുസ്ലീം പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, അത് ചിത്രീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് മർദിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

ഇരുവരുടെയും പ്രവർത്തികൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അറസ്റ്റിലായവർ അവകാശപ്പെട്ടു. എന്നാൽ ദളിത് പുരുഷന്മാർക്കെതിരായ പീഡനാരോപണങ്ങൾ അന്വേഷണത്തിൽ തെറ്റാണെന്ന് തെളിഞ്ഞതായി മഗ്രോണി പൊലീസ് പോസ്റ്റ് ഇൻ ചാർജ് ദീപക് ശർമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കുറ്റാരോപിതരായ വ്യക്തികൾക്ക് വനഭൂമിയിൽ സ്വത്തുക്കൾ ഉണ്ടായിരുന്നു. അവ ഇപ്പോൾ പൊളിച്ചുമാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.