ഗോത്രവർഗക്കാരനായ യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചഹാൻ

0
271

മധ്യപ്രദേശിൽ ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ദഷ്റത് റാവത്ത് എന്ന യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

ഭോപ്പാലിലെ തന്റെ ഔദ്യോഗിക വസതിയിൽവച്ചാണ് മുഖ്യമന്ത്രി യുവാവിന്റെ കാൽ കഴുകിയത്. ”ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വേദന തോന്നി. നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളെപ്പോലുള്ളവർ എനിക്ക് ദൈവമാണ്,” റാവത്തിനോട് ചൗഹാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രി യുവാവിന്റെ കാൽ കഴുകുന്നതിന്റെ വീഡിയോ എഎൻഐ ഷെയർ ചെയ്തിട്ടുണ്ട്. കാൽ കഴുകിയശേഷം യുവാവിന്റെ കഴുത്തിൽ മാല ചാർത്തുന്നതും വീഡിയോയിൽ കാണാം.

വ്യഴാഴ്ച സംഭവത്തിലെ കുറ്റക്കാരനായ പ്രവേഷ് ശുക്ലയെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ പ്രവേഷ് ശുക്ലയ്ക്കെതിരെ ഐപിസി സെക്ഷന്‍ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 504 (സമാധാന ലംഘനം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂര്‍വം അപമാനിക്കല്‍), എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

തെരുവിൽ ഇരിക്കുകയായിരുന്ന ഗോത്രവർഗക്കാരനായ യുവാവിന്‍റെ മുഖത്തേക്ക് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മധ്യപ്രദേശിലെ സിദി ജില്ലയിലായിരുന്നു സംഭവം. ശുക്ലയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.

സംഭത്തിലെ പ്രതി സിദ്ദി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ കൂട്ടാളിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ഇയാള്‍ എംഎല്‍എയുടെ പ്രതിനിധിയല്ല. അദ്ദേഹം ബിജെപി അംഗം പോലുമല്ല. എംഎല്‍എയുടെ വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, പ്രതിക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണവും എംഎല്‍എ നിഷേധിച്ചു.