മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോടതി സമൻസ്

0
122

മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ഡൽഹി റൂസ് അവന്യൂ കോടതി സമൻസ് അയച്ചു. 900 കോടി രൂപയുടെ ക്രെഡിറ്റ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഏഴിന് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എംപി-എംഎൽഎ കോടതിയിലെ പ്രത്യേക ജഡ്ജി ജസ്റ്റിസ് ഹർജീത് സിംഗ് ജസ്പാലാണ് സമൻസ് അയച്ചിരിക്കുന്നത്. മാനനഷ്ടക്കേസിൽ മുഖ്യമന്ത്രിക്ക് സമൻസ് അയക്കണമോയെന്നത് സംബന്ധിച്ച കേസ് നേരത്തെ റൂസ് അവന്യൂ കോടതി മാറ്റിവെച്ചിരുന്നു.ഏപ്രിലിലാണ് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ റൂസ് അവന്യൂ കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്.

900 കോടി രൂപയുടെ സഞ്ജീവനി ക്രെഡിറ്റ് സൊസൈറ്റി അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാതി. രാജസ്ഥാൻ സർക്കാർ കേസ് അന്വേഷിച്ചപ്പോൾ തന്റെ പേര് അതിൽ എവിടെയും ഉണ്ടായിരുന്നില്ലെന്ന് ഷെഖാവത്ത് അവകാശപ്പെട്ടു. മാനനഷ്ടക്കേസിൽ, ഐപിസി വകുപ്പുകൾ പ്രകാരം ഗെഹ്‌ലോട്ടിനെതിരെ നടപടിയെടുക്കണമെന്നും ഉചിതമായ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ഷെഖാവത്ത് ആവശ്യപ്പെട്ടു.