ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്‌സ് എത്തി.ഉപയോക്താക്കളെ ത്രഡ്സിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആദ്യ പോസ്റ്റ് കുറിച്ചു.
മസ്‌കിന്റെ ട്വിറ്ററിന് സമാനമായ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ് എന്നാണ് നിലവിലെ വിലയിരുത്തല്‍. മെറ്റയുടെ തന്നെ ഫോട്ടോ-ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ത്രഡ്സ്. ട്വിറ്റര്‍ പോലെ ടെക്സ്റ്റ് ബേസ്ഡ് ആപ്പായിരിക്കും ത്രഡ്സ്. കൂടാതെ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ത്രെഡ്‌സിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയത്. യുകെയിലെ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളിലാണ് ആദ്യം ലഭ്യമാക്കി തുടങ്ങിയത്. ശേഷം അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങി 100ലധികം രാജ്യങ്ങളിലും ത്രെഡ്‌സ് ലഭ്യമാക്കിയിട്ടുണ്ട്.
ആപ്പ് സ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പ്രകാരം ട്വിറ്ററിന് സമാനമായ അനുഭവം നല്‍കുന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റായിരിക്കും ത്രഡ്സ്എന്നാണ് കമ്പനിയുടെ അവകാശവാദം.
”വീഡിയോ, ഫോട്ടോ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഇന്‍സ്റ്റഗ്രാം ആരംഭിച്ചത് പോലെ ടെക്സ്റ്റിന് പ്രാധാന്യം നല്‍കുന്ന സംവിധാനമായിരിക്കും ത്രഡ്സ് ,” എന്നാണ് മെറ്റ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ത്രഡ്‌സില്‍ ഉപയോഗിക്കാനാകുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററില്‍ ഇത് 280 ആണ്. കൂടാതെ ത്രെഡ്‌സില്‍ ലിങ്കുകളും, ഫോട്ടോകളും, അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോകളും ഷെയര്‍ ചെയ്യാനും കഴിയും.
അതേസമയം ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ട ആവശ്യമില്ല. നിലവിലെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് തന്നെ ത്രെഡ്‌സിലും ലോഗിന്‍ ചെയ്യാനാകും. പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്‌സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സംരംഭമാണ് ത്രഡ്സ് എന്നും മെറ്റ വ്യക്തമാക്കി. എന്നാല്‍ കര്‍ശനമായ സ്വകാര്യത നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ത്രഡ്സ് പുറത്തിറക്കുന്നതില്‍ കമ്പനി ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ത്രഡ്സ് അവതരിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് അയര്‍ലൻഡിലെ ഡാറ്റ പ്രൈവസി കമ്മീഷനെ മെറ്റ അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍ വക്താവ് ഗ്രഹാം ഡോയലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ത്രഡ്സിന്‍റെ ആരംഭം ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന് പുതിയ തലവേദനയായേക്കാം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.
കമ്പനിയുടെ തലപ്പത്ത് എത്തിയ ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. പരിഷ്‌കാരങ്ങള്‍ കമ്പനിയ്ക്കുള്ളിലും പുറത്തും നിശിതമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലും അദ്ദേഹം നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് ഉപയോക്താക്കളെയും ഏറെ അസ്വസ്ഥരാക്കി. സൗജന്യമായി ലഭിച്ചിരുന്ന പല ട്വിറ്റര്‍ സേവനങ്ങളും പെയ്ഡ് ആക്കാനുള്ള ശ്രമവും മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായി.