സുരക്ഷ ഉദ്യോഗസ്ഥരെ വട്ടം കറക്കി ‘വെള്ളപ്പൊടി’; വൈറ്റ് ഹൗസില്‍ കണ്ടെത്തിയത് കൊക്കെയിന്‍

0
109

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നിന്ന് കൊക്കെയിന്‍ കണ്ടെത്തി. ഞായറാഴ്ചയാണ് വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിങ്ങിന് സമീപത്ത് നിന്നാണ് വെള്ളപ്പൊടി കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കൊക്കെയിനാണെന്ന് സ്ഥിരീകരിച്ചത്.

പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന എക്സിക്യൂട്ടീവ് മാൻഷനോട് ചേർന്നാണ് വെസ്റ്റ് വിങ്. ഓവൽ ഓഫീസ്, കാബിനറ്റ് റൂം, പ്രസ് ഏരിയ, പ്രസിഡന്റിന്റെ സ്റ്റാഫിനുള്ള ഓഫീസുകൾ, വർക്ക്സ്പേസ് എന്നിവയാണ് ഇവിടെയുള്ളത്.

നൂറുകണക്കിന് ആളുകളാണ് വെസ്റ്റ് വിങ്ങിലൂടെ പ്രതിദിനം കടന്ന് പോകുന്നത്. വെള്ളപ്പൊടി എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താല്‍ക്കാലികമായി വൈറ്റ് ഹൗസ് സമുച്ചയം അടച്ചിടേണ്ടി വന്നിരുന്നു.

വെളുത്ത പൊടി കണ്ടത്തിയതോടെ സീക്രട്ട് സര്‍വീസ് യൂണിഫോംഡ് ഡിവിഷന്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇതിനുവേണ്ടിയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈറ്റ് ഹൗസ് അടച്ചിടേണ്ടി വന്നതെന്ന് സീക്രട്ട് സര്‍വീസ് വക്താവ് ഇ-മെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സീക്രട്ട് സര്‍വീസ് നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയായിരുന്നു വെളുത്ത പൊടി കണ്ടെത്തിയത്. എങ്ങനെയാണ് വൈറ്റ് ഹൗസിലേക്ക് കൊക്കെയിന്‍ എത്തിയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്.