എല്ലാ ആഴ്ച്ചയിലും ഉണ്ട്’; അരികൊമ്പൻ ഹർജികൾ കൊണ്ട് പൊറുതിമുട്ടിയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

0
136

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് എത്തുന്ന ഹർജികൾ കാരണം പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ച്ചയും ഓരോ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അരിക്കൊമ്പനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരി​ഗണിക്കുന്നതിനായി ഹൈക്കോടതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്തുകൊണ്ട് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് ചീഫ് ജസ്റ്റിസ് ഈ വിഷയത്തിൽ നിരന്തരം ഹർജികൾ ലഭിക്കുന്നതിലുള്ള അതൃപ്‌തി പ്രകടിപ്പിച്ചത്. അരിക്കൊമ്പൻ വിഷയത്തിൽ ഇന്നലെയും ഒരു ഹർജി തങ്ങളുടെ മുന്നിൽ വന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് അരിക്കൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ തമിഴ്നാട് സർക്കാറിനോട് ഇക്കാര്യം വ്യക്തമാക്കണമെന്ന് നിർദ്ദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആന ഇപ്പോൾ എവിടെയെന്ന് അറിയില്ല. അത് എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ ഹർജി മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈകോടതിയിലാണോ ഫയൽ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ ആന എവിടെയെന്ന് മനസിലാക്കി ഹർജിയെവിടെ ഫയൽ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. ഇതിനുപിന്നാലെ സംഘടന തങ്ങളുടെ ഹർജി പിൻവലിച്ചു. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയ്ക്ക് കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും തുറന്ന കോടതിയിൽ അത് പിൻവലിക്കാൻ ബെഞ്ച് തയ്യാറായില്ല. ഉത്തരവിന്റെ പകർപ്പ് ഇറങ്ങുമ്പോൾ ഇക്കാര്യത്തത്തിൽ വ്യക്തത ഉണ്ടാകും.