എൻസിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാറിനെ നീക്കി അജിത് പവാർ

0
121

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിനുപിന്നാലെ എൻസിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാറിനെ നീക്കി അജിത് പവാർ. തന്റെ വിഭാഗത്തെ യഥാർത്ഥ എൻസിപിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അജിത് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ജൂൺ 30-ന്, എൻസിപിയുടെ നിയമസഭാ, സംഘടനാ വിഭാഗങ്ങളിൽ നിന്നുള്ള ഭൂരിപക്ഷം അംഗങ്ങളും ഒപ്പിട്ട പ്രമേയത്തിലൂടെ അജിത് അനന്തറാവു പവാറിനെ എൻസിപിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എൻസിപിയുടെ വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായി പ്രഫുൽ പട്ടേൽ തുടരുമെന്ന് അജിത് പവാർ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

അജിത് പവാറിനെ പിന്തുണച്ച് എൻസിപി എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവരിൽ നിന്ന് ജൂൺ 30ന് 40 ഓളം സത്യവാങ്മൂലം തിരഞ്ഞെടുപ്പ് പാനലിന് ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എൻസിപി അധ്യക്ഷനായി അജിത് പവാറിനെ തിരഞ്ഞെടുത്തുവെന്ന് അവകാശപ്പെടുന്ന പ്രമേയവും ലഭിച്ചതായി ഇസി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, പാർട്ടിയുടെ പേരിനും ചിഹ്നത്തിനും അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എന്‍ സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍, ശരദ് പവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശരദ് പവാര്‍ അധികാരം നേടുന്നതിനായി സഖ്യങ്ങള്‍ തകര്‍ക്കുകയാണെന്നു അജിത് ആരോപിച്ചു.

”എല്ലാ തൊഴിലിലും വിരമിക്കുന്നതിന് ഒരു പ്രത്യേക പ്രായമുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ 83 വയസയി, അന്ന് നിങ്ങള്‍ വസന്ത് റാവു ദാദയുടെ സ്മാരകത്തില്‍ പോയി. നിങ്ങള്‍ എന്നെങ്കിലും നിര്‍ത്തുമോ ഇല്ലയോ? രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള പദ്ധതികളെക്കുറിച്ച് ശരദ് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് അജിത് പറഞ്ഞു.

9 എംപിമാരിൽ ശരദ് പവാർ പക്ഷത്തിനൊപ്പം 6 പേരാണുള്ളത്. 9 എംഎൽസിമാരിൽ 6 പേർ അജിത് പവാറിനൊപ്പമാണ്. ഇന്നലെ ഇരുനേതാക്കളും വിളിച്ചുചേർത്ത യോഗത്തിൽ 14 എംഎൽഎമാർ മാത്രമാണ് ശരദ് പവാറിന്റെ യോഗത്തിനെത്തിയത്. 53 എൻസിപി എംഎൽഎമാരിൽ 31 പേർ അജിത് പവാറിന്റെ യോഗത്തിനെത്തി. 8 പേർ ഇരുപക്ഷത്തുനിന്നും വിട്ടുനിന്നു.