സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തൃശൂര്‍ ജില്ലയില്‍ മിന്നല്‍ച്ചുഴലി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് കനത്തമഴയോടൊപ്പം മിന്നല്‍ച്ചുഴലിയുണ്ടായത്. കനത്തമഴയിലും കാറ്റിലും നിരലധി മരങ്ങള്‍ കടപുഴകി. ജില്ലയില്‍ വ്യാപക കൃഷിനാശവും സംഭവിച്ചു. മരംവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്.
കടുങ്ങാട് റോഡിലേക്ക് മരങ്ങള്‍ വീണ് ഗതാഗതം നിലച്ചു. ജാതിത്തോട്ടങ്ങളിലും വ്യാപകനാശമുണ്ടായി. വാഴകൃഷിയും നശിച്ചു. ചാലക്കുടി ടൗണില്‍ മരങ്ങള്‍ വീണ് കാറുകള്‍ക്ക് കേടുപറ്റി. പറപ്പൂര്‍ – ചാലയ്ക്കല്‍ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് തേക്ക് മരം വീണത്. പീച്ചി ഡാം റോഡില്‍ വന ഗവേഷണ കേന്ദ്രത്തിന് സമീപവും മരം വീണു. ഫയര്‍ ഫോഴ്‌സെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കനത്ത മഴയില്‍ പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണു. സ്‌കൂളിന്റെ മുന്‍വശത്തെ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. മതിലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡും തകര്‍ന്നു. സ്‌കൂളിന് അവധി ആയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. അതിനിടെ കല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്നും രണ്ട് സെക്കന്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള പ്രകമ്പനം ഉണ്ടായി. എന്നാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ കൃഷ്ണ തേജ അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.