വെറും 250 രൂപയ്ക്ക് കിടിലൻ റോസ്മല പാക്കേജുമായി വനം വകുപ്പ്

0
139

മൺസൂണിൽ ഈറനഞിഞ്ഞ് നിൽക്കുന്ന കാടിന്റെ കാഴ്ച വേറിട്ട ഒന്ന് തന്നെ. അത് ശെന്തുരുണി കാടുകളിലൂടെയുള്ള ഒരു വനയാത്രയിൽ ആയാലോ? കാനനഭംഗി ആസ്വദിച്ച്, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകൾ സമ്മാനിക്കുന്ന റോസ്മല വരെ കിലോമീറ്ററുകൾ നീളുന്ന വിനോദ യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് വനം വകുപ്പ്. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ ഭാഗമായാണ് ഈ യാത്ര. ജൂലൈ ഒന്നു മുതൽ ആരംഭിച്ചു.

ഒരാൾക്ക് 250 രൂപയാണ് നിരക്ക്. വനം വകുപ്പിന്റെ 24 സീറ്റുള്ള മിനി ബസിലാണ് യാത്ര. രാവിലെ ഒമ്പത് മണിക്കും ഉച്ചയ്ക്ക് 2.30നും ട്രിപ്പുകളുണ്ടാകും. രണ്ടര മണിക്കൂറാണ് യാത്ര. സഞ്ചാരികള്‍ക്ക് റോസ്മല വ്യൂ പോയിന്റിലേക്കുള്ള പ്രവേശന നിരക്കായ 50 രൂപ ടിക്കറ്റ് വേറെ എടുക്കേണ്ടതില്ല. എട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. മിനിമം സഞ്ചാരികള്‍ ഇല്ലെങ്കിലും നിശ്ചിതനിരക്ക് നല്‍കിയാല്‍ ട്രിപ്പ് ഉണ്ടായിരിക്കും. ചുരുങ്ങിയത് 15 പേരെങ്കിലും ഉണ്ടെങ്കിൽ ഗ്രൂപ്പായും ബുക്ക് ചെയ്യാം. മുഴുവൻ സീറ്റും ബുക്ക് ചെയ്തുള്ള യാത്രയാണെങ്കിൽ വൈകീട്ട് ആറിനെ മടങ്ങിയെത്തൂ.

തെന്മല ഡാം ജങ്ഷന് സമീപത്തെ വനം വകുപ്പിന്റെ ഇൻഫർമേഷൻ സെന്ററിൽ നിന്നാണ് യാത്ര തുടങ്ങുക. ഇവിടെ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ച് ആര്യങ്കാവിലെത്തും. ആര്യങ്കാവിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വനത്തിനുള്ളിലൂടെ യാത്ര ചെയ്താണ് ശെന്തുരുണി വന്യജീവി സങ്കേതത്തിലെ (Shendurney Wildlife Sanctuary) റോസ്മലയിലെത്തുക. കേരളത്തിൽ അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്. റോസ്മലയിലേക്കുള്ള വനപാത വളവുകളുള്ളതും കുത്തനെയുമാണ്. നിബിഡ വനമേഖലയിലൂടെ കടന്നു പോകുന്ന പാതയിൽ നിരവധി അരുവികളുടെ ശാന്തതയും നിങ്ങൾക്ക് ആക സ്വദിക്കാം. റോസ്മല ടവറിൽ നിന്നുള്ള വിദൂരക്കാഴ്ച ഏറെ ഹൃദ്യമാണ്. മലനിരകളെ ചുറ്റിയുള്ള വലിയ ജലാശയവും റോസാപ്പൂവിന്റെ ഇതളുകൾ പോലെ ചിതറിക്കിടക്കുന്ന പച്ചത്തുരുത്തുകളും അതിമനോഹര കാഴ്ച തന്നെയാണ്. യാത്രയിൽ കാട്ടുമൃഗങ്ങളേയും കാണാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9048789779, 8547602937, 8547602943.