ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞു; ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തി വിദ്യാർഥികൾ

0
94

ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവത്തിൽ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ ക്ലാസ് ലീഡറുടെ വാട്ടർ ബോട്ടിലിൽ വിഷം കലർത്തുകയായിരുന്നു. ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞതിനെ തുടർന്നാണ് സഹപാഠികൾ വാട്ടർ ബോട്ടിലിൽ വിഷം കലർത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വിഷം കലർത്തിയ വെള്ളം കുടിച്ച വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച ശങ്കഗിരി സർക്കാർ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വർക്ക് നൽകുകയും രണ്ട് വിദ്യാർഥികൾക്ക് അത് ചെയ്യാൻ കഴിയാതെ വരികയും ചെയ്തിരുന്നു.

ക്ലാസ് ലീഡർ ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക രണ്ടുവിദ്യാർഥികളെ ശിക്ഷിച്ചു. ഇതിൽ പ്രകോപിതരായാണ് രണ്ടു വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് ലീഡറായ കുട്ടിയുടെ വാട്ടർ ബോട്ടിലിൽ വിഷം കലർത്തിയത്.