ഇന്റര്‍നെറ്റ് ലഭ്യതയോടുകൂടി ഏറ്റവും വില കുറഞ്ഞ ഫോണ്‍ അവതരിപ്പിച്ച് റിലയന്‍സ്

0
133

ഇന്റര്‍നെറ്റ് ലഭ്യതയോടുകൂടി ഏറ്റവും വില കുറഞ്ഞ ഫോണ്‍ അവതരിപ്പിച്ച് റിലയന്‍സ്. രണ്ടു റിച്ചാര്‍ജ് പ്ലാനുകളിലായി അവതരിപ്പിച്ചിരിക്കുന്ന ജിയോഭാരത് 999 രൂപയ്ക്കാണ് വിപണിയിലേക്കെത്തുന്നത്. ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനും ഏഴുമടങ്ങ് കൂടുതല്‍ ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ജിയോഭാരത് സിം ലോക്ക് ആയതിനാല്‍ മറ്റ് സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ല. രണ്ടു റിച്ചാര്‍ജ് പ്ലാനുകളിലായി എത്തുന്ന ഫോണിന്റെ അടിസ്ഥാന റിച്ചാര്‍ജ് പ്ലാന്‍ 123 രൂപയാണ്. ഇതില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 14ജിബി ഡാറ്റ എന്നിവയായിരിക്കും ലഭിക്കുക. വാര്‍ഷികപ്ലാനിനായി 1,234 രൂപയായിരിക്കും. ഇതില്‍ 168 ജിബി ഡാറ്റയും വോയ്‌സ് കോളും ലഭിക്കും.

ആദ്യത്തെ 10 ലക്ഷം ജിയോഭാരത് ഫോണുകള്‍ക്കായുള്ള ബീറ്റ ട്രയല്‍ ജൂലൈ 7 മുതല്‍ ആരംഭിക്കും. 2ജി ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്ന ഇന്ത്യയിലെ 25 കോടി ജനങ്ങളെ ലക്ഷ്യമിട്ടാണ് ജിയോഭാരത് അവതരിപ്പിച്ചിരിക്കുന്നതെന്ന് റിലയന്‍സ് വ്യക്തമാക്കി.

“ലോകം 5ജി വിപ്ലവത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ 2ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്ന 250 ദശലക്ഷം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ട്” റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.

1.77 ഇഞ്ച് വലിപ്പമുള്ള ക്യൂവിജിഎടിഎഫ്ടി സ്‌ക്രീനാണ് ഫോണിനുള്ളത്. 1000 എംഎച്ച് ബാറ്ററിയാണ്. 125 ജിബി മൈക്രോ എസ്ഡി കാര്‍ഡും ഫോണ്‍ സ്വീകരിക്കും.