രാജ്യത്തെ ബാങ്കിങ് രം​ഗത്ത് വീണ്ടും ലയനം; ഐഡിഎഫ്സി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ലയിക്കും

0
109

ഇന്ത്യൻ ബാങ്കിങ് സെക്ടറിൽ മറ്റൊരു പ്രധാന ലയനത്തിന് കൂടി കളമൊരുങ്ങുന്നു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐഡിഎഫ്സിയിലാണ് ലയിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയിൽ, മാതൃകമ്പനിയായ എച്ച്ഡിഎഫ്സി ലയിച്ചത് ഇക്കഴിഞ്ഞ ജൂലൈ 1നാണ്. രാജ്യത്തെ കൂടുതൽ ബാങ്കിങ് സ്ഥാപനങ്ങൾ ഈ പാത പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലയനം
2023 ജൂലൈ 3, ചൊവ്വാഴ്ച്ച, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ യോഗമാണ് ലയനം അംഗീകരിച്ചത്. ഐഡിഎഫ്സി ലിമിറ്റഡിന്റെ 10 രൂപ മുഖവിലയുള്ള ഓരോ 100 ഓഹരികൾ കൈവശമുള്ളവർക്കും, ആനുപാതികമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 155 ഇക്വിറ്റി ഓഹരികൾ ലഭിക്കും (155:100).

റിസർവ് ബാങ്ക്, സെബി, കോമ്പറ്റീഷൻ കമ്മീഷൻ,നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, രണ്ട് കമ്പനികളുടെയും ഓഹരിയുടമകൾ എന്നിവരുടെ അംഗീകാരം ലഭിച്ചെങ്കിലാണ് ലയനം നടക്കുക. ഇത്തരം നടപടികൾ പൂർത്തിയാക്കാൻ 12 മുതൽ 15 മാസം വരെയെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ആപ്പിൾ ക്രെഡിറ്റ് കാർഡ്, ആപ്പിൾ പേ; ഇന്ത്യൻ വിപണികളിൽ പോരാട്ടത്തിനൊരുങ്ങി ടെക് ഭീമൻ

ലയനത്തിന്റെ നേട്ടങ്ങൾ
ആഗോളതലത്തിൽ ലാഭക്ഷമത വർധിപ്പിക്കാൻ ബാങ്കിങ് സ്ഥാപനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലവിലേത്. ഇന്ത്യയിലും, ആഗോള തലത്തിലും വലിയ ബിസിനസ് സാന്നിദ്ധ്യം നേടുക എന്ന ഉദ്ദേശത്തോടെയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനം നടക്കുന്നത്. ഇത്തരത്തിൽ ഒരു കമ്പനിയായി മാറുമ്പോൾ ലാഭം കൂടുതൽ നേടാൻ സാധിക്കുന്നു. ഇതിലൂടെ കമ്പനിയുടെ ഫണ്ടമെന്റൽസ് ശക്തമാകുന്നു. ഇത് പാദഫലങ്ങളിൽ പ്രതിഫലിക്കുകയും, വിദേശ നിക്ഷേപകർ അടക്കമുള്ളവർ കമ്പനിയിൽ നിക്ഷേപം നടത്താൻ സാധ്യത ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ നിക്ഷേപം വരുന്നത് ഓഹരി വിലകൾ ഉയരാൻ കാരണമാകും.

വേഗത്തിൽ ധനസമാഹരണം നടത്താനും ലയനം നടത്തിയ കമ്പനികൾക്ക് സാധിക്കും. വലിയ കോർപറേറ്റായി മാറുന്നതിനാൽ തകർച്ചയ്ക്കുള്ള സാധ്യതയും വിരളമായി മാറുന്നു. ഇതെല്ലാം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിനും ബാധകമായ കാര്യങ്ങളാണ്. ലയനത്തിനു ശേഷം കമ്പനികൾക്ക് ചിലവുകൾ കാര്യക്ഷമമായി മാനേജ് ചെയ്യാൻ സാധിക്കും. അധിക ക്യാഷ് റിസർവ് അനുപാതം ലഭിക്കുമെന്നത് മറ്റൊരു നേട്ടമാണ്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ ലയനം, ആ ബാങ്കിനെ ആഗോള തലത്തിൽ തന്നെ മുൻനിര ബാങ്കുകളിൽ ഒന്നാക്കി മാറ്റുകയാണ് ചെയ്തത്. താരതമ്യേന വിപണി മൂല്യം കുറഞ്ഞ കമ്പനികൾ ലയിക്കുമ്പോൾ അവയ്ക്ക് ആഭ്യന്തര തലത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നു.