തല കൂട്ടിമുട്ടിച്ചത് ആചാരമെന്ന് തെറ്റിധരിച്ചതാണ്, മാപ്പ് പറഞ്ഞാല്‍ മതിയായിരുന്നുവെന്ന് വധു

0
264

പാലക്കാട് പല്ലശ്ശേനയില്‍ വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ചത് സംഭവം പ്രദേശത്ത് തുടര്‍ന്ന് വരുന്ന രീതിയാണെന്ന് വധു സജ്‌ല. എല്ലാവരും പറയുന്നത് കേട്ടാണ് താനും ആചാരമെന്ന് പറഞ്ഞത്. വേദനിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. മാപ്പ് പറഞ്ഞാല്‍ മതിയായിരുന്നു പക്ഷേ ആരും വന്നില്ലെന്നും വധു പ്രതികരിച്ചു. തെക്കുംപുറം എന്ന പേര് അറിയാത്തതിനാലാണ് പല്ലശ്ശന എന്ന് പറഞ്ഞത്. കേസുമായി മുന്നോട്ട് പോവാന്‍ താല്പര്യമില്ലെന്നും യുവതി വ്യക്തമാക്കി.

കേസില്‍ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ദേഹോപരദ്രവമേല്‍പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ആചാരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വനിതാകമ്മീഷന്‍ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.

പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പഴമക്കാരുടെ ആചാര തുടര്‍ച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാല്‍ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാര്‍ തന്നെ പറയുന്നു.. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം.