വി ഡി സതീശനും കെ സുധാകരനും എതിരായ തട്ടിപ്പുകേസുകളിൽ രാഷ്ട്രീയമില്ലെന്ന്‌ എം വി ഗോവിന്ദൻ

0
92

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും എതിരായ തട്ടിപ്പുകേസുകളിൽ രാഷ്ട്രീയമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യഥാർഥ പ്രശ്‌നം പുറത്തുവരാതിരിക്കാനാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. പകൽ വെളിച്ചംപോലെ അറിയുന്ന കാര്യങ്ങൾ പോലും രാഷ്ട്രീയ പ്രേരിതമെന്നാണ്‌ പറയുന്നത്‌. വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ്‌ എങ്ങനെ രാഷ്ട്രീയ പ്രേരിതമാകും.

കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമും മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭർത്താവ്‌ എം കെ ഉമറുദീനും നടത്തിയ ബാങ്ക്‌ തട്ടിപ്പും കോൺഗ്രസ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നടത്തിയ 56 ലക്ഷത്തിന്റെ വെട്ടിപ്പും കെഎസ്‌യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ്‌ കേസും ഗൗരവത്തിൽ ചർച്ച ചെയ്യുന്നില്ല.

പാർടിക്കും സർക്കാരിനുമെതിരെ പറയുന്ന കളവുകൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നു. അടുത്ത വിവാദം രൂപപ്പെടുന്നതുവരെ നുണകൾ പ്രചരിപ്പിക്കുന്നു. ബിരിയാണി ചെമ്പിലും ഖുറാനിലും സ്വർണം കടത്തിയെന്നു പറഞ്ഞതിൽ അവസാനത്തേതാണ്‌ ‘കൈതോലപ്പായ’. സുധാകരനെയും സതീശനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌ ജി ശക്തിധരൻ. ഇത്‌ മുഖവിലയ്‌ക്കെടുക്കുന്നില്ല.

മാധ്യമങ്ങളുടെ തെറ്റായ പ്രവണതകളെ ഹൈക്കോടതി രണ്ടുതവണ വിമർശിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട കള്ളപ്രചാരണം മാധ്യമങ്ങൾക്ക്‌ അവസാനിപ്പിക്കേണ്ടിവന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ച്‌ വലിയ കടന്നാക്രമണം നടത്തുന്നു. കലിക്കറ്റ്‌ സർവകലാശാലാ സെനറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥിയെ നിർത്താതെ പോപ്പുലർ ഫ്രണ്ടിന്‌ വോട്ടു ചെയ്‌തു. വരാൻ പോകുന്ന കൂട്ടുകെട്ടിന്റെ മുന്നോടിയാണിത്‌.

കൊച്ചി തലസ്ഥാനമാക്കണമെന്ന്‌ ഹൈബി ഈഡൻ എംപി പറയുന്നത്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടാണ്‌. ഇത്‌ പ്രാവർത്തികമാക്കാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.