കുട്ടികളടക്കം ഒമ്ബത് ഫലസ്തീനികളെ ഇസ്രായേൽ വെടിവെച്ചുകൊന്നു; വീടുകളും റോഡുകളും തകർത്തു

0
102

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്ബ് വളഞ്ഞ് ഇസ്രായേൽ നടത്തിയ സൈനികാക്രമണത്തിൽ എട്ട് മരണം. റാമല്ലയിൽ 21 കാരനായ ഫലസ്തീനി യുവാവിനെയും കൊലപ്പെടുത്തി. 50 പേർക്ക് പരിക്ക്. ഇവരിൽ 10 പേരുടെ നില അതിഗുരുതരമാണ്.

1,000 ലേറെ സൈനികരുടെ അകമ്ബടിയിൽ ഡ്രോണുകൾ ആകാശത്തുനിന്നും 150 ഓളം ബുൾഡോസറുകളും കവചിത വാഹനങ്ങളും കരമാർഗവും ജെനിൻ ക്യാമ്ബിൽ 2002നുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കം തിങ്കളാഴ്ച പുലർച്ചെയാണ് ആരംഭിച്ചത്.

ജെനിൻ ബ്രിഗേഡ്സ് എന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടെന്ന പേരിലായിരുന്നു ക്യാമ്ബിന് ചുറ്റും സൈന്യവും സൈനിക വാഹനങ്ങളും നിലയുറപ്പിച്ച്‌ മുകളിൽ ഡ്രോണുകൾ തീ തുപ്പിയത്. കുട്ടികളും കൊല്ലപ്പെട്ടവരിൽപെടും. വീടുകളും വാഹനങ്ങളും ചാരമാക്കിയും റോഡുകളുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ബുൾഡോസറുകൾ ക്യാമ്ബിലുടനീളംനാശം വിതച്ചു. വൈദ്യുതി വിച്ഛേദിച്ചും കെട്ടിടത്തിനു മുകളിൽ ഒളിപ്പോരാളികൾ നിലയുറപ്പിച്ചുമായിരുന്നു ഇസ്രായേൽ ക്രൂരത.

ജനീൻ അഭയാർഥി ക്യാമ്ബിലെ വീടുകളും വാഹനങ്ങളും റോഡുകളുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ ബുൾഡോസറുകൾ ഉപയോഗിച്ച്‌ തകർത്ത നിലയിൽ

എതിർപ്പുമായി എത്തിയ സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തി. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാൻ പാരാമെഡിക്കൽ ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് ഭീതി ഇരട്ടിയാക്കി. ബുൾഡോസറുകൾ വഴികൾ തകർത്തത് രക്ഷാ പ്രവർത്തനം തീരെ ദുഷ്‍കരമാക്കി. നിരവധി പേരുടെ പരിക്ക് അതിഗുരുതരമായതിനാൽ മരണ സംഖ്യ ഉയരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഏറെയായി ഇസ്രായേൽ ലക്ഷ്യമിടുന്നതാണ് 14,000 ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്ബ്. രണ്ടു പതിറ്റാണ്ടിനിടെ ഇവിടെ 100ലേറെ ഫലസ്തീനികളെ ഇസ്രായേൽ സേന വധിച്ചിട്ടുണ്ട്. 2002ൽ 10 ദിവസം നീണ്ട ആക്രമണത്തിൽ ക്യാമ്ബിനകത്ത് 52 ഫലസ്തീനികൾ വധിക്കപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകൾ തകർക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് പേർ അഭയാർഥികളായി. അതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ആക്രമണം ഒരു ദിവസം കൊണ്ട് അവസാനിക്കില്ലെന്നും ജെനിൻ ബ്രിഗേഡ്സിന്റെ കമാൻഡ് സെന്ററായി പ്രവർത്തിച്ച കെട്ടിടമാണ് തകർത്തതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ ഒന്നിക്കാൻ ഗസ്സയിലെ എല്ലാ സംഘടനകളും രംഗത്തിറങ്ങാൻ ഹമാസ് ആവശ്യപ്പെട്ടു. എല്ലാ സമാധാന നീക്കങ്ങളെയും ഇല്ലാതാക്കുന്നതാണ് പുതിയ സൈനിക നീക്കമെന്ന് ഖത്തറും ഈജിപ്തുമടക്കം അറബ് രാജ്യങ്ങൾ കുറ്റപ്പെടുത്തി.