പിന്നില്‍ നിന്ന് കുത്തി അജിത് പവാര്‍, പ്രതിപക്ഷ ഐക്യത്തിനും അടി; കുലുങ്ങാതെ ശരദ് പവാര്‍

0
117

അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി താമര ചേര്‍ത്ത് പിടിച്ചതോടെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം നേരിട്ടിരിക്കുകയാണ് എന്‍സിപി ദേശിയ അധ്യക്ഷന്‍ ശരദ് പവാര്‍. അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പോരാട്ടത്തില്‍ രാജ്യത്തെ പ്രതിപക്ഷത്തിന് കരുത്തേകുക എന്ന ലക്ഷ്യം നിറവേറ്റാന്‍ ആരോഗ്യം പോലും മറന്നുള്ള പ്രവര്‍ത്തനം തുടരവെയാണ് ശരദ് പവാറിന് അജിത് പവാര്‍ അപ്രതീക്ഷിത തിരിച്ചടി നല്‍കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പ്രതിപക്ഷ ഐക്യത്തില്‍ നിര്‍ണായക പങ്കാണ് ശരദ് പവാര്‍ വഹിക്കുന്നത്. മഹാരാഷ്ട്രയിലെ ആകെയുള്ള 53 എന്‍സിപി എംഎല്‍എമാരില്‍ 40 പേരും അജിത് പവാറിനൊപ്പമാണുള്ളത്. അജിത് പവാറിന്റെ കൂടുമാറ്റം എന്‍സിപിക്ക് മാത്രമല്ല ക്ഷീണം നല്‍കുന്നത്, ബിജെപിയെ താഴെയിറക്കാന്‍ പദ്ധതിയിടുന്ന പ്രതിപക്ഷ ഐക്യത്തിന് കൂടെയാണ്.

രാവിലെ എംഎല്‍എമാരുടെ യോഗം അജിത് പവാര്‍ വിളിച്ചു ചേര്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകളോട് വളരെ സാധാരണമായായിരുന്നു ശരദ് പവാര്‍ പ്രതികരിച്ചത്. അജിത് പവാര്‍ പ്രതിപക്ഷ നേതാവാണ്, എംഎല്‍എമാരുടെ യോഗം വിളിക്കാനുള്ള എല്ലാ അധികാരവുമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാല്‍ വൈകുന്നേരം നടന്ന വാര്‍ത്തസമ്മേളനത്തില്‍ ദുര്‍ബലനായ ശരദ് പവാറിനെയായിരുന്നില്ല കണ്ടത്. അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയസമ്പത്ത് ചേര്‍ത്ത് പിടിച്ചുള്ള വാക്കുകളായിരുന്നു അദ്ദേഹത്തില്‍ നിന്ന് വന്നത്.

“ഇന്നത്തെ സംഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പതുമയുള്ളതാകാം, എന്നാല്‍ എനിക്കങ്ങനെയല്ല. എനിക്ക് മഹാരാഷ്ട്രയിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. പ്രത്യേകിച്ചും യുവജനങ്ങളില്‍. എന്‍സിപിയെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും സംഘര്‍ഷത്തിനില്ല, ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. എന്‍സിപിയുടെ ആശയങ്ങള്‍ ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാന്‍ വിസമ്മതിക്കുന്ന ഒന്നാണ്. അവര്‍ പോയതില്‍ എനിക്ക് സങ്കടമില്ല, പക്ഷെ അവരുടെ ഭാവിയെ ഓര്‍ത്ത് ആശങ്കയുണ്ട്,” ശരദ് പവാര്‍ പറഞ്ഞു.

“രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസ്താവന നടത്തി. അത് എന്‍സിപിക്കും കോണ്‍ഗ്രസിനും എതിരെയായിരുന്നു. രണ്ട് കാര്യങ്ങളാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. എന്‍സിപി അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ഒന്ന്. സംസ്ഥാന സഹകരണ ബാങ്കിനെ ചേര്‍ത്തുവച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സര്‍ക്കാരില്‍ എന്‍സിപി അംഗങ്ങളെ ചേര്‍ത്തതില്‍ എനിക്ക് ഇപ്പോള്‍ സന്തോഷമുണ്ട്. ഇതിനര്‍ഥം അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നാണ്. ഇതിന് പ്രധാനമന്ത്രിയോട് എനിക്ക് നന്ദിയുണ്ട്,” ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

“അഴിമതി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കളുമായി ഒരു ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു ജൂലൈ ആറാം തീയതി. അതിന് മുന്‍പത് തന്നെ ചിലര്‍ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തു. അവരാണ് യഥാര്‍ഥ എന്‍സിപി എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പലരുടേയും നിലപാടായും മാറും,” അദ്ദേഹം വ്യക്തമാക്കി.