അനധികൃത നിർമ്മാണം: ഡൽഹിയിൽ ക്ഷേത്രവും ദർഗയും പൊളിച്ചുമാറ്റി പൊതുമരാമത്ത് വകുപ്പ്

0
81

രാജ്യതലസ്ഥാനത്ത് പൊതുസ്ഥലം കൈയേറിയുള്ള നിർമ്മാണങ്ങൾ പൊളിച്ചുനീക്കി ഡൽഹി പൊതുമരാമത്ത് വകുപ്പ്. ഭജൻപുര ചൗക്കിലെ ഹനുമാൻ ക്ഷേത്രവും ദർഗയും അധികൃതർ തകർത്തു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിനെയും സിആർപിഎഫിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് നഗരത്തിലെ ഭജൻപുര മേഖലയിൽ അനധികൃതമായി നിർമ്മിച്ച ഹനുമാൻ ക്ഷേത്രവും മസാറും പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത്. സഹരൻപൂർ ഹൈവേയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമാണ് നടപടിയെന്നും വിവരമുണ്ട്. കനത്ത പൊലീസ് സിആർപിഎഫ് സുരക്ഷയിലായിരുന്നു പൊളിക്കൽ നടപടികൾ.

ഭജൻപുര ചൗക്കിലെ പൊളിക്കൽ നീക്കം സമാധാനപരമായാണ് നടക്കുന്നതെന്ന് നോർത്ത് ഈസ്റ്റ് ഡിസിപി ജോയ് എൻ ടിർക്കി പറഞ്ഞു. ‘സഹരൻപൂർ ഹൈവേയിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനായി ഡൽഹിയിലെ മതകാര്യ സമിതിയാണ് ഹനുമാൻ ക്ഷേത്രവും ശവകുടീരവും നീക്കം ചെയ്യാൻ തീരുമാനിച്ചത്. രണ്ട് കെട്ടിടങ്ങളും സമാധാനപരമായി നീക്കം ചെയ്തു’ – ജോയ് കൂട്ടിച്ചേർത്തു.