നാടകത്തിൽ ഹിന്ദു കുട്ടികൾ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചു; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

0
96

നാടകത്തിൽ ഹിന്ദു കുട്ടികൾ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചതിൻ്റെ പേരിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ഗുജറാത്തിലെ മുന്ദ്രയിലാണ് സംഭവം. ബക്രീദ് ആഘോഷം വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനായി സ്കൂളിൽ ലഘുനാടകം അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

മുന്ദ്രയിൽ മാം​ഗരയിലുള്ള പേൾ സ്കൂൾ ഓഫ് എക്‌സലൻസിലെ പ്രിൻസിപ്പൽ പ്രീതി വസ്വാനെയാണ് സസ്പൻഡ് ചെയ്തത്. ലഘു നാടകത്തിൽ മുസ്ലിം തൊപ്പിയിട്ട് വിദ്യാർഥികൾ നിസ്‌കരിക്കുന്ന രം​ഗമുണ്ടായിരുന്നു. ഹിന്ദു കുട്ടികളും മുസ്ലിം കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു. നാടകത്തിന്റെ വിഡിയോ സ്കൂൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ വിദ്യാർഥികളുടെ മതാപിതാക്കളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. നാടകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ പിന്നീട് സ്കൂൾ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായിട്ടാണ് നാടകം അവതരിപ്പിച്ചത്. അത് ആരുടെയെങ്കിലും മതവികാരത്തെ വൃണപ്പെടുത്തിയെങ്കിൽ മാപ്പു പറയുന്നു എന്ന് പ്രിൻസിപ്പൽ ഫേസ്ബുക്ക് വിഡിയോയിൽ വിശദീകരിച്ചു.