Tuesday
30 December 2025
23.8 C
Kerala
HomeKeralaപഴവങ്ങാടി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി

പഴവങ്ങാടി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി

പെരുന്നാൾ നമസ്കാര സമയം പുറത്തേക്കുള്ള ഉച്ച ഭാഷിണി ഓഫ് ചെയ്ത് ഈദ് ഗാഹിന് സൗകര്യമൊരുക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ചീഫ് ഇമാം അബ്ദുൽ ഷക്കൂർ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകം ഉപഹാരമായി നൽകിയാണ് മസ്ജിദ് ഭാരവാഹികൾ മടങ്ങിയത്.

ചാല ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ പുത്തരിക്കണ്ടം നായനാർ പാർക്കിലാണ് നൂറു കണക്കിനു പേർ പങ്കെടുത്ത ഈദ് ഗാഹ് സംഘടിപ്പിച്ചത്. ഈ സമയം പാർക്കിന് എതിർ വശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണി വഴി പ്രാർത്ഥന ഗീതങ്ങൾ മുഴങ്ങുകയായിരുന്നു. നമസ്കാരത്തിന് തടസ്സമാകാതിരിക്കാൻ ഉച്ചഭാഷണിയുടെ ശബ്ദം കുറയ്ക്കണമെന്ന ആവശ്യവുമായി ഈദ് ഗാഹ് സംഘാടകർ ക്ഷേത്രത്തിലെത്തി. ഇവരുടെ അഭ്യർത്ഥന മാനിച്ച് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിനുള്ളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കുകയം പുറത്തെ ഉച്ചഭാഷിണി ഓഫ് ചെയ്യുകയും ചെയ്തു.

തടസ്സങ്ങളില്ലാതെ നമസ്കാരത്തിന് അവസരമൊരുക്കിയതിനു നന്ദി അറിയിക്കാനാണ് ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ചാല ജുമാ മസ്ജിദ് ചീഫ് ഇമാമും ആയ അബ്ദുൽ ഷക്കൂർ മൗലവിയും ഓൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ എം കെ നൗഫലും ചാല ജുമാ മസ്ജിദ് പ്രസിഡന്റ് മാഹീനും ക്ഷേത്രത്തിലെത്തിയത്. മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട്, ക്ഷേത്ര മാനേജർ ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments