ബി​ഗ്ബോസിൽ മാരാരിസം; Bigg Boss Malayalam Season 5 വിജയി അഖിൽ മാരാർ

0
119

ബി​ഗ് ബോസ് അഞ്ചാം സീസൺ വിജയി ആരെന്ന കാത്തിരിപ്പിന് വിരാമം. സാബു മോന് ശേഷം ക്രൗഡ് പുള്ളറായി മാറിയ അഖിൽ മാരാരാണ് ഇക്കുറി ബി​ഗ് ബോസ് വീട്ടിലെ വിജയി. ബി​ഗ് ബോസ് വീട്ടിൽ ശരാശരിക്കു മുകളിൽ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥി ഷോയുടെ ശ്രദ്ധാ കേന്ദ്രമായി മാറിയത് പെട്ടെന്നായിരുന്നു. ഒരു അഭിമുഖത്തിൽ ബി​ഗ് ബോസുമായി ബന്ധപ്പെട്ട് അഖിൽ മാരാർ നടത്തിയ പ്രസ്ഥാവന വിവാദമായിരുന്നു. എന്നാൽ അത് ബി​ഗ് ബോസിൽ കയറിപ്പറ്റാനുള്ള അഖിലിന്റെ ശ്രമമാണെന്ന വിമർശനം ഉയർന്നു. എന്നാൽ ഒടുവിൽ ബി​ഗ് ബോസിലെത്തിയ അഖിൽ മാരാർ കപ്പെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ബി​ഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ ഏറ്റവും കൂടുതൽ ടാ​ർ​ഗറ്റ് ചെയ്ത വ്യക്തി അഖിൽ മാരാരായിരുന്നു. ജുനൈസും നാദിറയുമൊക്കെ തുടക്കം മുതൽ അഖിലിനെ നേരിടാൻ തയ്യാറായിരുന്നു. എന്നാൽ അഖിലിന്റെ എടുത്തുചാട്ടവും മുൻകോപവും ഇടയ്ക്ക് തിരിച്ചടിയായി മാറി. ബി​ഗ് ബോസ് വീട്ടിലുണ്ടായ അസ്വാരസ്യം നിമിത്തമാണ് അഖിൽ മാരാർ എന്ന താരം ഉദയം കൊണ്ടത്. വീക്കെൻഡ് എപ്പിസോഡിൽ ഉണ്ടായ തർക്കമാണ് ഇതിന് വഴിതെളിച്ചത്. മോഹൻലാലിന്റെ മുന്നിൽ വെച്ച് അഖിൽ മാരാർ നൽകിയ കാപ്റ്റൻ ബാൻഡ് സാ​ഗർ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതാണ് ഇതിനു കാരണം. തന്റെ ഭാ​ഗത്തു നിന്നുണ്ടായ പിഴവിന് അഖിൽ മാപ്പു പറഞ്ഞെങ്കിലും അത് അം​ഗീകരിക്കാൻ സാ​ഗർ തയ്യാറായില്ല. ഇതോടെ ഷോ വൈൻഡ് അപ്പ് ചെയ്യാതെ മോഹൻ ലാൽ ഷോയിൽ നിന്നും ഇറങ്ങിപ്പോയി. ഇതോടെയാണ് അഖിൽ മാരാരുടെ തലവര തെളിഞ്ഞത്.

ഷിജു ഒഴികെയുള്ള മത്സരാർത്ഥികൾ അഖിലിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇതോടെ അഖിലിന് ഒരു ഒറ്റപ്പെടലുണ്ടായി. മുൻ സീസണുകളിലെ മത്സരാർത്ഥികൾ ഇത് ബോധപൂർവം സൃഷ്ടിച്ചപ്പോൾ അഖിലിന്റെ കാര്യത്തിൽ ഇത് സ്വോഭാവികമായി സംഭവിച്ചതാണ്. കൂടെയുള്ളവരുമായുള്ള പ്രശ്നങ്ങൾ പലപ്പോഴും ഒത്തുതീ‍ർക്കാൻ ശ്രമിക്കുന്ന അഖിലിനെയാണ് ഷോയിൽ ഉടനീളം കണ്ടത്. ഇതിനിടെ അട്ടപ്പാടിയിലെ മധുവിനെക്കുറിച്ച് അഖിൽ നടത്തിയ പരാമർശം വിവാദമായി.

എന്നാൽ അവസാനഘട്ടത്തിൽ കൂടുതൽ പക്വതയോടെ പെരുമാറുന്ന അഖിലിനെയാണ് കാണാൻ കഴിഞ്ഞത്. തന്റെ വ്യക്തിത്വം കൂടുതൽ തെളിമയോടെ പ്രകടിപ്പിക്കാൻ ഇതിനിടെ അഖിൽ ശ്രമിച്ചു. ഒടുവിൽ ബി​ഗ് ബോസ് സീസൺ 5 കിരീടത്തിൽ അഖിൽ മാരാർക്ക് മുത്തമിടാൻ കഴിഞ്ഞുവെന്നത് അയാൾക്കുള്ള അം​ഗീകാരമാണ്.