ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദികൾ സിഗ്നലിങ്, ട്രാഫിക് സ്റ്റേഷൻ ജീവനക്കാരെന്ന് സിആർഎസ് അന്വേഷണ റിപ്പോർട്ട്

0
140

ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദികൾ സിഗ്നലിങ് ആൻഡ് ഓപ്പറേഷൻസ് (ട്രാഫിക്) എന്നീ രണ്ട് വകുപ്പുകളിലെ സ്റ്റേഷൻ ജീവനക്കാരാണെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ (സിആർഎസ്) അന്വേഷണ റിപ്പോർട്ട്. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സിഗ്നലിങ് മെയിന്റനർ സ്റ്റേഷൻ മാസ്റ്ററിന് ഡിസ്‌കണക്ഷൻ മെമ്മോ സമർപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് റെയിൽവേ ബോർഡ് വൃത്തങ്ങൾ പറഞ്ഞു. ജോലി പൂർത്തിയാക്കിയ ശേഷം, ഇലക്ട്രോണിക് ഇന്റർലോക്കിങ് സിഗ്നലിങ് സിസ്റ്റം തത്സമയം ഉണ്ടെന്ന് അർത്ഥമാക്കുന്ന ഒരു റീകണക്ഷൻ മെമ്മോ വീണ്ടും നൽകുകയും ചെയ്തു.

എന്നാൽ ട്രെയിൻ കടത്തി വിടുന്നതിനു മുമ്പ് സിഗ്നലിങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചില്ല. മാത്രമല്ല, റീകണക്ഷൻ മെമ്മോ നൽകിയതിന് ശേഷവും സിഗ്നലിങ് ജീവനക്കാർ ജോലികൾ തുടർന്നതായി വൃത്തങ്ങൾ അറിയിച്ചു. അതിനാൽ, അപകടത്തിന്റെ ഉത്തരവാദിത്തം സ്റ്റേഷനിലെ ഓപ്പറേഷൻസ് സ്റ്റാഫിനും സിഗ്നലിങ് മെയിന്റനൻസ് സ്റ്റാഫിനുമാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

ട്രാക്കുമായോ സിഗ്നലിങ്ങുമായോ ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തുമ്പോഴെല്ലാം എൻജിനീയറിങ് സ്റ്റാഫിനൊപ്പം ട്രെയിനുകളുടെ സുരക്ഷയ്ക്ക് ഓപ്പറേഷൻസ് സ്റ്റാഫും ഉത്തരവാദിയാണ് എന്നതാണ് പ്രോട്ടോക്കോളെന്ന് സീനിയർ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി. അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി നിയമിച്ചു. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേൽക്കും.

ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടം. രണ്ടു ട്രെയിനുകളും ചരക്കുവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 250 ലധികം പേർക്കാണ് ജീവൻ നഷ്ടമായത്.