ജെയിംസ് വെബ് ദൂരദർശിനിയിലെടുത്ത ശനിയുടെ അതിശയകരമായ ചിത്രം പുറത്തുവിട്ട് നാസ

0
96

ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്കായി ഗംഭീര സർപ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്‌കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങൾ കൂടുതൽ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂർവചിത്രമാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇൻഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകർത്തിയിട്ടുണ്ട്. വളയങ്ങൾ വളരെയധികം പ്രകാശിക്കുന്നതായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് ചിത്രം തെളിയിക്കുന്നു.

ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് കാണപ്പെടുന്നത്. മീഥെയ്ൻ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് അതിന് കാരണം. എങ്കിലും ഗ്രഹത്തിന് ചുറ്റുമുള്ള വളയങ്ങൾ നന്നായി പ്രകാശിച്ച് നിൽക്കുന്നതായും ചിത്രത്തിൽ കാണാം. ഇത് ശനി ഗ്രഹത്തിന്റെ ചിത്രത്തിന് വശ്യമായ ഭംഗി നൽകുന്നുണ്ടെന്നും നാസ പറഞ്ഞു.

20 മണിക്കൂർ നീണ്ട നിരീക്ഷണ ഓപ്പറേഷനിലാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഈ ചിത്രമെടുത്തത്. ശനിയുടെ അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളിൽ മൂന്നെണ്ണമായ എൻസെലാഡസ്, ഡയോൺ, ടെത്തിസ് എന്നിവയും ചിത്രത്തിൽ ദൃശ്യമാകുന്നുണ്ട്.