വർക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ ആക്രമണം

0
248

വർക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. കൊലപാതകം നടന്ന രാജുവിന്റെ വീട്ടിലും അതിനു മുൻപ് പ്രതികൾ മദ്യപിച്ച ബാറിലും ഉൾപ്പെടെ എത്തി തെളിവെടുപ്പ് നടത്തി. മൂന്നു ദിവസത്തേക്കാണ് പ്രതികളെ പോലീസിന് കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് തിങ്കളാഴ്ച രാവിലെ 11 മണി വരെ പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.

പ്രതികളായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ മനു, ശ്യാം എന്നിവരെ രാജുവിന്റെ വീട്ടിൽ തെളിവെടുപ്പിൻ എത്തിച്ചപ്പോൾ പ്രതികൾക്ക് നേരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധം ഉയർന്നു. നാട്ടുകാരും രാജുവിന്റെ ബന്ധുക്കളും പ്രതികൾക്കു നേരെ പാഞ്ഞടുത്തു. പ്രതികളെ വാഹനത്തിൽ ഇരുത്തി തന്നെയാണ് വീട്ടിലെ തെളിവെടുപ്പ് നടപടികൾ പോലീസ് പൂർത്തിയാക്കിയത്. നടപടികൾ പ്രഹസനമെന്ന് ബന്ധുക്കളിൽ ചിലർ പറഞ്ഞപ്പോൾ തെളിവെടുപ്പിൽ തൃപ്തി ഉണ്ടെന്ന് മകൻ ശ്രീഹരി പറഞ്ഞു.

പ്രതികൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ വാഹനത്തിൽ തന്നെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാറുണ്ട്. ഇത് കേസിനെ ബാധിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ ഉതകുന്ന വിധമുള്ള തെളിവുകൾ ഇതിനകം തന്നെ സമാഹരിക്കാൻ കഴിഞ്ഞുവെന്നും അന്വേഷണസംഘം പറഞ്ഞു. കൊലപാതകം നടന്ന വീട്ടിലെത്തിക്കും മുൻപ് പ്രതികളെ വർക്കല ക്ലിഫിനു സമീപത്തെ ബാറിൽ എത്തിച്ചും തെളിവെടുത്തു.

ഇവിടെ നിന്ന് മദ്യപിച്ച ശേഷമാണ് രാജുവിനെയും കുടുംബത്തെയും ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ സംഭവസ്ഥലത്തേക്ക് പോയത്. പോകും വഴി ഭക്ഷണം കഴിച്ച റസ്റ്റോറന്റിലും തെളിവെടുപ്പ് നടത്തി. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമാകും. കൂടുതൽ തെളിവെടുപ്പ് വേണമെങ്കിൽ അതും പൂർത്തിയാക്കും.