പടിഞ്ഞാറൻ കെനിയയിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് 48 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ ട്രക്ക് നിയന്ത്രണംവിട്ട് മറ്റ് വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ചാണ് 48 പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് അപകടസ്ഥലത്തേക്ക് ആംബുലൻസുകൾ അയച്ച കെനിയൻ റെഡ് ക്രോസ് അറിയിച്ചു. സംഭവത്തിൽ 48 പേർ മരിച്ചതായി ലോക്കൽ പോലീസ് കമാൻഡർ ജെഫ്രി മയക് സ്ഥിരീകരിച്ചു. “ഇതുവരെ, 48 മരണങ്ങൾ സ്ഥിരീകരിച്ചു, ഒന്നോ രണ്ടോ വ്യക്തികൾ ഇപ്പോഴും ട്രക്കിന് അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു,” മയേക് എഎഫ്‌പിയോട് പറഞ്ഞു.
കെറിചോ, നകുരു നഗരങ്ങൾക്കിടയിലുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങൾ, കാൽനടയാത്രക്കാർ, പ്രാദേശിക കച്ചവടക്കാർ എന്നിവരുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റിഫ്റ്റ് വാലിയുടെ റീജിയണൽ പോലീസ് കമാൻഡർ ടോം എംബോയ ഒഡെറോ പറഞ്ഞു. പ്രസിഡന്റ് വില്യം റൂട്ടോ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുർകോമെൻ ട്വീറ്റ് ചെയ്തു.
ട്രക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാഷണൽ ട്രാൻസ്‌പോർട്ട് ആൻഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കനുസരിച്ച്, 21,760 പേർ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽപ്പെട്ടു. കഴിഞ്ഞ വർഷം മാത്രം റോഡപകടങ്ങളിൽ 4,690 പേർ മരിച്ചതായി നാഷണൽ ട്രാൻസ്‌പോർട്ട് ആൻഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.