Tuesday
30 December 2025
25.8 C
Kerala
HomeKeralaവാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം നാളെ മുതൽ പ്രാബല്യത്തിലാകും

വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം നാളെ മുതൽ പ്രാബല്യത്തിലാകും

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങി. ഗതാഗതമന്ത്രി ആന്‍റണി രാജു തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ജൂൺ 14 ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ജൂലൈ ഒന്ന് മുതൽ വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചത്. ഇതനുസരിച്ചാണ് ഇന്ന് വിജ്ഞാപനം ഇറക്കിയത്. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്.

ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും നാളെമുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ (01-07-2023) മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്. ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്.

RELATED ARTICLES

Most Popular

Recent Comments