നൂറ്റാണ്ടുകളായി ശാസ്ത്രത്തിന്റെയും പ്രകൃതി വൈവിധ്യത്തിന്റെയും കൗതുക ലോകം നമുക്ക് മുന്നിൽ തുറന്നുകാട്ടിയ ‘നാഷണൽ ജിയോഗ്രാഫിക്’ മാഗസിൻ അവരുടെ അവസാന സ്റ്റാഫ് റൈറ്റേഴ്‌സിനെയും പിരിച്ചുവിട്ടതായി റിപ്പോർട്ട്. ആകെ 19 എഡിറ്റോറിയൽ ജീവനക്കാരെയാണ് മാസിക പിരിച്ചുവിട്ടത്. അടുത്ത വര്‍ഷത്തോടെ മാഗസിൻ അച്ചടി അവസാനിപ്പിക്കുമെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മാസികയുടെ മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി മുമ്പും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടലിന്‍റെ രണ്ടാം ഘട്ടമാണിത്. നിരവധി ജീവനക്കാർ ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ആറ് മുതിർന്ന എഡിറ്റർമാരെ നീക്കം ചെയ്തതുൾപ്പെടെ 2015 മുതൽ എഡിറ്റോറിയൽ വിഭാഗം നിരവധി മാറ്റങ്ങൾക്ക് വിധേയമായതായി ‘നാഷണൽ ജിയോഗ്രാഫിക്’ മാഗസിൻ അധികൃതർ കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ നീക്കം ‘നാഷണൽ ജിയോഗ്രാഫിക്’ മാസികയും നിരവധി ഫോട്ടോഗ്രാഫര്‍മാരുമായുള്ള കരാറുകളെയും ബാധിക്കും. 135 വർഷമായി ശാസ്ത്രത്തെയും പ്രകൃതിയെയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുന്നതിൽ ഫോട്ടോഗ്രാഫർമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് മുന്നില്‍ ശാസ്ത്രം, പരിസ്ഥിതി വിഷയങ്ങളുമായി എത്തുന്ന ‘നാഷണൽ ജിയോഗ്രാഫിക്’ മാസിക 1888-ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.
ഡിജിറ്റൽ യുഗത്തിൽ ഒന്ന് തളർന്നുപോയെങ്കിലും, 2022 അവസാനത്തോടെ മാസികയ്ക്ക് 1.7 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മഞ്ഞ ബോർഡറുള്ള മാഗസിൻ അടുത്ത വർഷം മുതൽ യു.എസിലെ ന്യൂസ്‌സ്റ്റാൻഡുകളിൽ ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു.