മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഇന്ന് രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

0
125

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഇന്ന് രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും ക്രമസമാധാന നില കൂടുതല്‍ വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് വിലയിരുത്തുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയിയ യുകെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുഖ്യമന്ത്രി ബിരേന്‍ സിംഗിന് ഒന്നുകില്‍ രാജി സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട് അല്ലെങ്കില്‍ കേന്ദ്രം ഇടപെട്ട് കാര്യങ്ങള്‍ ഏറ്റെടുക്കും.

മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപങ്ങളില്‍ ഇതുവരെ 100 ലധികം പേര്‍ മരണപ്പെട്ടു. മേയ് മൂന്നിന് മലയോര ജില്ലകളില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ആദ്യമായി അക്രമം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. ഗോത്രവര്‍ഗ സമുദായമായ കുക്കി വിഭാഗം ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.