Tuesday
30 December 2025
31.8 C
Kerala
HomeKeralaമുഴുവൻ സർക്കാർ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തണം: ബാലാവകാശ കമ്മീഷൻ

മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ രേഖകൾ സ്‌കൂൾ അധികൃതരുടെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ കൈവശമില്ലെന്ന് കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളായ പി.പി.ശ്യാമളാദേവി, സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കാസർകോട് തളങ്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾവക വസ്തു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ റവന്യൂരേഖകളിൽ മാറ്റങ്ങൾ വരുത്തി സ്‌കൂളിന്റേതാക്കാനുള്ള നടപടി സ്വീകരിക്കാനും കയ്യേറ്റങ്ങൾ ഒഴിവാക്കി സ്‌കൂളിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണ്ണയിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാസർകോട് ജില്ലാ കളക്ടർ, തഹസിൽദാർ, മുൻസിപ്പൽ സെക്രട്ടറി, താലൂക്ക് സർവേയർ, തളങ്കര വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

തളങ്കര ഗവ.മുസ്ലീം ഹയർ സെക്കന്ററി സ്‌കൂളിന്റെ 3.98 ഏക്കർ സ്ഥലം സമീപവാസികളും വ്യവസായികളും വർഷങ്ങളായി കയ്യേറിക്കൊണ്ടിരിക്കുന്നു എന്ന പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്. 1946ൽ സ്‌കൂളിന് പള്ളിക്കമ്മിറ്റി ദാനാധാരമായി നൽകിയ ഭൂമി സ്‌കൂളിന്റേതായി മാറ്റുന്നതിന് റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്തത് കൈയ്യേറ്റങ്ങൾ നടക്കാൻ കാരണമായതായി കമ്മീഷൻ നിരീക്ഷിച്ചു. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം മൂന്ന് മാസത്തിനകം സമർപ്പിക്കാനും നിർദ്ദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments