വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ പക

0
122

കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട ദാരുണ സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ പക. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിന്റെ അയൽവാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

ഇന്നു വർക്കല ശിവഗിരിയിൽ വിവാഹിതയാകേണ്ടിയിരുന്ന രാജുവിന്റെ മകളെ ആക്രമിക്കാനാണ് ജിഷ്ണുവും സഹോദരന്‍ ജിജിനും ഇവരുടെ രണ്ടു സുഹൃത്തുക്കളും എത്തിയതെന്ന് കുടുംബം ആരോപിച്ചു. രാജുവിന്റെ സഹോദരിയുടെ പുത്രി ഗുരുപ്രിയയാണ് ഇക്കാര്യം പറഞ്ഞത്. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ഈ വിവാഹാലോചന വേണ്ടെന്ന് വച്ചതെന്ന് ഗുരുപ്രിയ വെളിപ്പെടുത്തി. അന്നുമുതല്‍ പ്രതികള്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയത്. അവർ വധുവിനെ നിലത്തിട്ട് മര്‍ദിച്ചു. കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ രാജുവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഗുരുപ്രിയ വ്യക്തമാക്കി. വിവാഹവീട്ടിലെ ബഹളം കേട്ടാണ് താനും അച്ഛനും ഓടിയെത്തിയതെന്നും അച്ഛന്റെ തലയ്ക്കും മണ്‍വെട്ടി കൊണ്ട് അടിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.

”എല്ലാവരും വീട്ടിൽനിന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ വന്നത്. 12 മണിയോടെ ഞങ്ങൾ ഇവിടെ വന്ന് ലൈറ്റ് ഓഫ് ചെയ്ത് കിടന്നിരുന്നു. അപ്പോഴാണ് കല്യാണ വീട്ടിൽനിന്ന് ബഹളം കേട്ടത്. എന്തൊക്കെയോ പെറുക്കി അടിക്കുന്നതും മാമിയുടെ കരച്ചിലുമെല്ലാം കേട്ടാണ് അച്ഛനെയും കൂട്ടി അവിടേക്ക് ഓടിച്ചെന്നത്” – ഗുരുപ്രിയ പറഞ്ഞു.