വെസ്റ്റ്ബാങ്കില്‍ 5700ഓളം കുടിയേറ്റ ഭവനങ്ങൾ നിര്‍മിക്കുമെന്ന് ഇസ്രായേല്‍

0
82

അധിനിവേശ വെസ്റ്റ്ബാങ്കില്‍ കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ഇസ്രായേല്‍. പ്രദേശത്ത് 5700 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ നടപടി ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്ന് യുഎസ് നിരവധി തവണ ഇസ്രായേലിനോട് നിര്‍ദ്ദേശിച്ചിരുന്നു. കുടിയേറ്റം ഇസ്രായേല്‍-പലസ്തീന്‍ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകളുണ്ടാക്കുമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇസ്രായേലിന്റെ പുതിയ നടപടിയിൽ അഗാധമായി ആശങ്കപ്പെടുന്നുവെന്നാണ് യുഎസിന്റെ ഔദ്യോഗിക പ്രതികരണം.ഹമാസുമായി ബന്ധമുള്ള രണ്ട് പലസ്തീന്‍ വംശജര്‍ നാല് ഇസ്രായേലി കുടിയേറ്റക്കാരെ വെടിവെച്ച് കൊന്നതിന് പിന്നാലെയാണ് പ്രദേശത്തെ കുടിയേറ്റവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. വെസ്റ്റ്ബാങ്കില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുമെന്ന് നെതന്യാഹു ഭരണകൂടം അധികാരത്തിലെത്തിയയുടനെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇസ്രയേല്‍ കുടിയേറ്റത്തെ എതിര്‍ക്കുന്ന ഒരു വിഭാഗവും രാജ്യത്തുണ്ട്. പീസ് നൗ പോലെയുള്ള സംഘടനകളും കുടിയേറ്റത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പ്രദേശത്ത് 13000 വീടുകളാണ് നിര്‍മ്മിച്ചത്. കുടിയേറ്റം കഴിഞ്ഞവ ര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയായി വര്‍ധിച്ചെന്നും സംഘടനാ പ്രതിനിധികള്‍ പറയുന്നു.

ഇസ്രയേലിന്റെ കുടിയേറ്റം നിയമവിരുദ്ധമാണെന്ന് നിരവധി രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണിതെന്നും നിരവധി രാജ്യങ്ങള്‍ പറഞ്ഞു. 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശത്താണ് ഇസ്രായേല്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നത്. നിലവിലെ കുടിയേറ്റം നിയമപരമാണെന്നാണ് ഇസ്രായേലിന്റെ വാദം. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന നടപടിയാണ് ഇസ്രായേലിന്റേത് എന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ സംഘര്‍ഷം വര്‍ധിപ്പിക്കാനെ ഈ നടപടി ഉപകരിക്കൂവെന്നും യുഎസ് പറഞ്ഞു.

ഹമാസുമായി ബന്ധമുള്ള പലസ്തീനിയന്‍ പൗരന്‍ നാല് ഇസ്രയേല്‍ കുടിയേറ്റക്കാരെ വെടിവെച്ചിട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് പലസ്തീന്‍ ഗ്രാമമായ ഉറിഫിലും ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ആക്രമണം നടത്തി. അവര്‍ വീടുകള്‍ക്ക് തീയിടുകയും ഒരു പലസ്തീന്‍ പൗരനെ കൊല്ലുകയും ചെയ്തു. അതേസമയം കുടിയേറ്റക്കാരുടെ ആക്രമണത്തെ അപലപിച്ച് ഇസ്രയേലിന്റെ പട്ടാള-പോലീസ്-ഷിന്‍ബെറ്റ് സുരക്ഷാ സേനകള്‍ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ സംയുക്ത പ്രസ്താവനയില്‍ ഇസ്രായേല്‍ സര്‍ക്കാരിലെ വലതുപക്ഷ അംഗങ്ങള്‍ രോക്ഷം രേഖപ്പെടുത്തുകയും ചെയ്തു.