ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്

0
59

ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്. വിവരമറിഞ്ഞ യുവാവ് ആത്മഹത്യയും ചെയ്തു. കർണാടകയിലെ കോലാർ ജില്ലയിൽ നിന്നാണ് ദാരുണമായ വാർത്ത റിപ്പോർട്ട് ചെയ്തത്.

കോലാർ ജില്ലയിലെ ബങ്കാർപേട്ട് സ്വദേശിയായ കൃഷ്ണമൂർത്തി (46)യാണ് ജാതീയതയുടെ പേരിൽ സ്വന്തം മകളെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയത്. ഇയാളുടെ മകൾ കീർത്തി (20) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഗംഗാധർ (24) എന്ന യുവാവുമായി കീർത്തി പ്രണയത്തിലായിരുന്നു.

കീർത്തിയെ വിവാഹം കഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് ഗാംഗധർ കൃഷ്ണമൂർത്തിയെ സമീപിച്ചിരുന്നു. എന്നാൽ ദളിത് വിഭാഗത്തിൽപെട്ട ഗംഗാധറുമായി മകളുടെ വിവാഹം നടത്താൻ മൂർത്തി തയ്യാറായില്ല. ഇരുവരുടേയും ബന്ധത്തേയും എതിർത്തു. എന്നാൽ, ഗംഗാധറിനെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചതോടെ പ്രകോപിതനായ ഇയാൾ മകളെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

കാമുകിയുടെ കൊലപാതകത്തെ കുറിച്ച് അറിഞ്ഞ ഗംഗാധറും ആത്മഹത്യ ചെയ്യുകയായിരുന്നു. കീർത്തിയുടെ മൃതദേഹം കാണാൻ സഹോദരനൊപ്പം ബൈക്കിൽ പോകുന്നതിനടയിൽ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ട ഗംഗാധർ ട്രെയിനിനു മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു കീർത്തിയുടേയും ഗംഗാധറിന്റേയും സംസ്കാരച്ചടങ്ങുകൾ.

ശ്രദ്ധിക്കുക:

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).