ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം

0
171

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശില്‍ വച്ചാണ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. ആസാദ് സഞ്ചരിച്ച കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഹരിയാന നമ്പര്‍ പ്ലേറ്റിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ വച്ചാണ് സംഭവം നടന്നത്. കാറിന്റെ മുന്‍വശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. ആസാദ് വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. ഒരു പൊതുപരിപാടിയ്ക്ക് പോകുന്നതിനിടെയായിരുന്നു ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്.

വാഹനത്തിന്റെ നമ്പര്‍ വ്യാജമാണോ എന്ന് പൊലീസിന് സംശയമുണ്ട്. പൊതുപരിപാടിയ്ക്കായി ചന്ദ്രശേഖര്‍ ഉള്‍പ്പെടെ സഞ്ചരിച്ച ഭീം ആര്‍മി നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഇതില്‍ ടൊയോട്ട ഫോര്‍ച്യൂണറിലായിരുന്നു ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ചിരുന്നത്. ആക്രമണ ശേഷമുള്ള ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.