ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗതി രീതി ഉപേക്ഷിച്ച് ലോകമെമ്പാടുള്ള പൊതുരീതി ഇന്ന് മുതൽ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ. ഇന്ന് മുതൽ പൊതുരീതി ദക്ഷിണ കൊറിയയിൽ നടപ്പിലാകും.
ഇത് വരെ പിന്തുടർന്ന രീതി അനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. അടുത്ത ജനുവരി ഒന്നിന് അടുത്ത വയസ് തികയും. അതായത് ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് ഒരു വയസ് പ്രായം. അടുത്ത ദിവസം, ജനുവരി ഒന്നിന് കുഞ്ഞിന് 2 വയസ് തികയുമെന്നർത്ഥം. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ കാരണം നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നതിനാലും അനാവശ്യ സാമൂഹിക സാമ്പത്തിക ചെലവുകൾ കുറയ്ക്കാനുമാണ് പരിഷ്കരണം ലക്ഷ്യമിടുന്നത്.
പൊതുരീതി സ്വീകരിക്കുമ്പോൾ ജനനസമയത്ത് പൂജ്യം വയസും, ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും എന്ന രീതിയിലേക്ക് കൊറിയ മാറും. ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം രണ്ട് വയസ് വരെ കുറയും. ഉത്തര കൊറിയ 1985 മുതൽ പൊതുരീതിയാണ് പിന്തുടരുന്നത്. പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡന്റ് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്.