മരിച്ചവരുടെ ചിതാഭസ്മം സൂക്ഷിക്കാൻ 12 നില കെട്ടിടമൊരുക്കി ഹോങ്കോംഗ്

0
86

മരിച്ചവരുടെ ചിതാഭസ്മം സൂക്ഷിക്കാൻ 12 നില കെട്ടിടമൊരുക്കി ഹോങ്കോംഗ്. ജനസാന്ദ്രത കൂടിയ നഗരങ്ങളിലൊന്നാണ് ഹോങ്കോംഗ്. മുന്‍കാലങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം സ്ഥാപിക്കാൻ വര്‍ഷങ്ങളോളമാണ് ഹോങ്കോംഗ് നിവാസികള്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നത്.

ശവസംസ്‌കാരത്തിന് ശേഷം ലഭിക്കുന്ന ചിതാഭസ്മം സൂക്ഷിക്കാനായി 23000 സ്ഥലങ്ങള്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഷാന്‍ സം കൊളംബേറിയം ആരംഭിച്ചത്. കഴിഞ്ഞ മാസമാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെക്കൂടി അനുവദിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

ജര്‍മ്മന്‍ വാസ്തുശില്‍പ്പിയായ ഉള്‍റിച്ച് കിര്‍ച്ചോഫാണ് ഈ കെട്ടിടത്തിന്റെ ശില്‍പ്പി. ഇത് മരിച്ചവര്‍ക്കായുള്ള കെട്ടിടമാണെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ചൈനീസ് ശ്മശാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഈ കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് കിര്‍ച്ചോഫ് പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ പ്രത്യേകം അലങ്കരിച്ച മുറികളിലാണ് ചിതാഭസ്മം സൂക്ഷിക്കുന്നത്.

ചിതാഭസ്മം സൂക്ഷിക്കാനുള്ള സ്ഥലപരിമിതി

ഹോങ്കോംഗിലെ അപ്പാര്‍ട്ട്‌മെന്റുകളെപ്പോലെ ഉയര്‍ന്ന വാടകയാണ് ഈ കെട്ടിടത്തിലെ ഓരോ യൂണിറ്റിനും. ഇത് ഭൂരിഭാഗം പേര്‍ക്കും ഈ സൗകര്യം അപ്രാപ്യമാക്കിയേക്കാം.

രണ്ട് പേര്‍ അടങ്ങുന്ന ബേസിക് ഓപ്ഷന് ഷാന്‍ സമിലെ വില 58000 ഡോളറാണ്. എന്നാല്‍ കുടുംബം മുഴുവനുമുള്ള പാക്കേജിന് ഏകദേശം 3 മില്യണ്‍ ചെലവാകും. ഹോങ്കോംഗിലെ ഓരോ കുടുംബത്തിന്റേയും ശരാശരി പ്രതിമാസ വരുമാനം ഏകദേശം 3800 ഡോളറാണ്.

പ്രിയപ്പെട്ടവരുടെ ചിതാഭസ്മം സൂക്ഷിക്കാനുള്ള സ്ഥലപരിമിതി ഹോങ്കോംഗില്‍ രൂക്ഷമായതോടെയാണ് ഷാന്‍ സം പോലുള്ള പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കപ്പെട്ടത്.

മുമ്പ് ദഹിപ്പിച്ച ശേഷമുള്ള ചിതാഭസ്മം ശവസംസ്‌കാരം ചെയ്ത സ്ഥലത്തെ ഡ്രോയറുകളിലാണ് സൂക്ഷിച്ചിരുന്നത്. അല്ലെങ്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കൊളംബേറിയങ്ങളിലോ ക്ഷേത്രങ്ങളിലോ സൂക്ഷിച്ചിരുന്നു.

രാജ്യത്തെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ചടങ്ങുകളെപ്പറ്റി വിശദമാക്കുന്ന പുസ്തകം എഴുതിയ ചരിത്രകാരന്‍ ചൗ-ചി-ഫംഗ്- ഹോങ്കോംഗിലെ ചിതാഭസ്മം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന കാലം മുതലെ ഈ പ്രതിസന്ധി നിലനിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

” മൃതശരീരങ്ങളെ ഏത് രീതിയില്‍ സംസ്‌കരിക്കണമെന്ന കാര്യത്തില്‍ ശക്തമായ നിയമം നിലനിന്നിരുന്നു. എന്നാല്‍ സംസ്‌കരിച്ച ശേഷമുള്ള ചിതാഭസ്മം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ധാരണയില്ലായിരുന്നു,” അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.

ഹോങ്കോംഗിലെ പരമ്പരാഗത ചൈനീസ് വംശജര്‍ മൃതദേഹം ദഹിപ്പിക്കുന്നതില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. അവര്‍ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ 1960കളില്‍ സര്‍ക്കാര്‍ ശവം ദഹിപ്പിക്കല്‍ ജനപ്രിയമാക്കി.

അതേസമയം വരും വര്‍ഷങ്ങളില്‍ രാജ്യത്തെ മരണനിരക്ക് ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 2031ഓടെ മരണങ്ങള്‍ 14 ശതമാനം വര്‍ധിച്ച് പ്രതിവര്‍ഷം 61,100 ആയി തീരുമെന്നാണ് കണക്കുക്കൂട്ടല്‍. എന്നാല്‍ ഈ സാഹചര്യത്തെ നേരിടാനുള്ള എല്ലാ തയ്യാറാടെപ്പുകളും തങ്ങള്‍ നടത്തിവരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.