കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ ‘അന്നഭാഗ്യ’ പദ്ധതി അനിശ്ചിതത്വത്തിൽ

0
152

കേന്ദ്രസർക്കാർ കൂടുതൽ അരി തരില്ലെന്ന് വ്യക്തമാക്കിയതോടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ ‘അന്നഭാഗ്യ’ പദ്ധതി അനിശ്ചിതത്വത്തിൽ. നേരത്തേ പ്രഖ്യാപിച്ചത് പോലെ ജൂലൈ 1-ന് പദ്ധതി തുടങ്ങാനാകില്ലെന്ന് ഉറപ്പായി. ഒരു മാസം വൈകിയിട്ടാണെങ്കിലും പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിമാർ അടക്കം ഉറപ്പ് നൽകുന്നത്.ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി ഉറപ്പ് നൽകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്‍റെ വമ്പൻ വാഗ്ദാനം. തെരഞ്ഞെടുപ്പിൽ നഗരങ്ങളിലെ പിന്നാക്കമേഖലകളിൽ നിന്നടക്കം കോൺഗ്രസിന് വൻ പിന്തുണ കിട്ടിയ വാഗ്ദാനമായിരുന്നു ഇത്.

കേന്ദ്രത്തിന്‍റെ അഞ്ച് കിലോയ്ക്ക് പുറമേ സംസ്ഥാനസർക്കാരിന്‍റെ വക 5 കിലോ എന്ന വാഗ്ദാനം നടപ്പാക്കാൻ പ്രതിമാസം 4.45 ലക്ഷം മെട്രിക് ടൺ അരി വേണം. പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് വാങ്ങുന്നതും സ്വന്തമായി ഉത്പാദിപ്പിക്കുന്നതും ചേർത്ത് കർണാടകയ്ക്ക് ഇപ്പോൾ 2.17 ലക്ഷം മെട്രിക് ടൺ അരി കിട്ടുന്നുണ്ട്. ഇതിൽ കൂടുതൽ ഒരു വിഹിതം പോലും തരാൻ കഴിയില്ലെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി കെ എച്ച് മുനിയപ്പയെ അറിയിച്ചത്. ഇതോടെ ബാക്കി 2.28 ലക്ഷം മെട്രിക് ടൺ അരി എവിടെ നിന്ന് വാങ്ങുമെന്നറിയാതെ നട്ടം തിരിയുകയാണ് സർക്കാർ. ഇതോടെ ജൂലൈ 1-ന് പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഉറപ്പായി.

ഛത്തീസ്ഗഢ്, പഞ്ചാബ്, ആന്ധ്ര, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അരി വാങ്ങാൻ ആലോചിച്ച കർണാടക സർക്കാരിന്, ഗതാഗതച്ചെലവ് അടക്കം ചേർത്ത് അവർ ചോദിക്കുന്ന വലിയ വില താങ്ങാനാകില്ലെന്നുറപ്പാണ്. ഇതോടെ ഭക്ഷ്യമേഖലയിലെ കേന്ദ്ര ഏജൻസികളായ കേന്ദ്രീയ ഭണ്ഡാർ, ഉപഭോക്തൃസഹകരണ ഫെഡറേഷൻ, നാഫെഡ് എന്നിവിടങ്ങളിൽ നിന്ന് അരി വാങ്ങാനുള്ള ചർച്ചകൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കിലോയ്ക്ക് 38 മുതൽ 40 രൂപ വരെ നൽകേണ്ടി വരും. തുടർമാസങ്ങളിൽ സ്റ്റോക്ക് കിട്ടുമെന്ന് ഉറപ്പുമില്ല. എന്നാൽ കേന്ദ്ര ഭക്ഷ്യ ഏജൻസികൾക്ക് കിലോയ്ക്ക് പരമാവധി 35 രൂപയ്ക്ക് അരി തരാനാകും. ഈ സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. അരി തരാനാകില്ലെന്ന് കേന്ദ്രം പറഞ്ഞതോടെ, അന്നഭാഗ്യയെ അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം രംഗത്ത് വന്നിരുന്നു.