മലയാളി ജീവനക്കാരന് കുറഞ്ഞ ശമ്പളം; ഓസ്ട്രേലിയയില്‍ കേരള റെസ്റ്റോറന്റിന് രണ്ട് ലക്ഷം ഡോളര്‍ പിഴ

0
96

നല്ല ശമ്ബളം പ്രതീക്ഷിച്ചാണ് മലയാളികള്‍ നാടുവിട്ട് വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത്. നാടിനെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ശമ്ബളവും ആനുകൂല്യങ്ങളുമൊക്കെയാണ് പലരെയും വിദേശത്തേക്ക് ജോലി തേടി പോകാൻ നിര്‍ബന്ധിതരാക്കുന്നത്.

വിദേശത്ത് പല ബിസിനസുകളും ചെയ്ത് വിജയിച്ചവരും ചെറുതല്ല. എന്നാല്‍ ഓസ്ട്രേലിയയില്‍ നിന്നും വരുന്ന ഒരു വാര്‍ത്ത മലയാളികള്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ്.

കുറഞ്ഞ ശമ്ബളത്തിന് മലയാളി ജീവനക്കാരനെ അധികനേരം പണിയെടുപ്പിച്ചു എന്ന കുറ്റത്തിന് കേരള റെസ്റ്റോറന്റിന് പിഴ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂ സൗത്ത് വെയില്‍സിലെ ഇല്ലവാരയിലുള്ള കേരളാ റെസ്റ്റോറന്റിനാണ് രണ്ട് ലക്ഷം ഡോളര്‍ പിഴ (ഏകദേശം ഒരു കോടി രൂപയോളം) വിധിച്ചത്.

മലയാളിക്കും മറ്റൊരു പാകിസ്ഥാന്‍ പൗരനുമാണ് ആദിത്യ കേരള റെസ്റ്റോറന്റ് ഉടമ നഷ്ടപരിഹാരം നല്‍കേണ്ടത്. ന്യൂ സൗത്ത് വെയില്‍സിലെ വൊളംഗോംഗിലും നൗറയിലുമുള്ള ആദിത്യ കേരള റെസ്‌റ്റോറന്റിനും ഉടമ വൈശാഖ് മോഹനന്‍ ഉഷയ്ക്കുമെതിരെയാണ് ഫെഡറല്‍ കോടതി ഉത്തരവെന്ന് ‘എസ്ബിഎസ് മലയാളം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊഴില്‍ വിസയിലെത്തിയ മലയാളിയായ മിഥുന്‍ ഭാസി, പാകിസ്ഥാന്‍ പൗരനായ സയീദ് ഹൈദര്‍ എന്നിവരെ രണ്ടു വര്‍ഷത്തോളം ചൂഷണം ചെയ്തു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കുറഞ്ഞ ശമ്ബളത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യിച്ചു, മിനിമം വേതനം നല്‍കിയില്ല, നല്‍കിയ ശമ്ബളം പോലും നിര്‍ബന്ധപൂര്‍വം തിരികെ വാങ്ങി, സൂപ്പറാന്വേഷന്‍ നല്‍കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.

ശമ്ബള, സൂപ്പറാന്വേഷന്‍ കുടിശിക ഇനത്തില്‍ മിഥുന്‍ ഭാസിക്ക് 93,000 ഡോളറും സയീദ് ഹൈദര്‍ക്ക് ഒരു ലക്ഷം ഡോളറും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ഇതിനു പുറമേ, ഇരുവര്‍ക്കും റെസ്റ്റോറന്റ് ഉടമകള്‍ ഒരു ലക്ഷം ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കണം. ഓഗസ്റ്റ് 21ന് മുമ്ബു തന്നെ ഈ തുക നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക ഒരുമിച്ച്‌ നല്‍കുന്നതിന് പകരം, തവണകളായി നല്‍കിത്തീര്‍ക്കാം എന്ന് റെസ്‌റ്റോറന്‌റ് ഉടമകള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് കോടതി നിരസിച്ചു.