ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍ സമ്മാനിച്ച് കമല്‍ ഹാസന്‍

0
101

 

കനിമൊഴി എംപിയുടെ യാത്രയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍ സമ്മാനിച്ച് കമല്‍ ഹാസന്‍. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24കാരിയായ ഷര്‍മിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളാണ് ഷര്‍മിള.

ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡിഎംകെ നേതാവ് കനിമൊഴി യാത്ര ചെയ്തത്. എംപി അഭിനന്ദിക്കുന്നതിനിടെ ഷര്‍മിളയും വനിതാ കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. എംപി ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഷര്‍മിളയും ബസ് പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങി. വനിതാ കണ്ടക്ടര്‍ മോശമായി പെരുമാറി എന്നാണ് ഷര്‍മിളയുടെ പരാതി.

എന്നാൽ ഇപ്പോൾ ഷര്‍മിളയെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തി കാര്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കമല്‍ ഹാസന്‍ കൈമാറി.‘ഡ്രൈവര്‍ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷര്‍മിളമാരെ വാര്‍ത്തെടുക്കാന്‍ കഴിയണം’ എന്ന ആശംസയോടെയാണ് കമല്‍ ഹാസന്‍ കാര്‍ സമ്മാനിച്ചത്.

അതേസമയം ഷര്‍മിളയെ പിരിച്ചുവിട്ടതു വിവാദമായി. എന്നാല്‍ പിരിച്ചുവിട്ടതല്ല, ഷര്‍മിള കണ്ടക്ടറുമായി അടിയുണ്ടാക്കി പോയതാണ് എന്നാണ് ബസ് ഉടമ പറയുന്നത്.