നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമ വിരുദ്ധമായി പരിശോധിച്ചു; നടപടി ആവശ്യപ്പെട്ട് അതിജീവിത

0
123

നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത. നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണ് നടന്നതെന്ന് അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞു.

സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പുതിയ ആവശ്യം. മെമ്മറി കാർഡ് ഓരോ തവണ എടുത്ത് പരിശോധിക്കുമ്പാഴും ഹാഷ് വാല്യുവിൽ വ്യത്യാസം ഉണ്ടാവും അത് കോടതി രേഖപ്പെടുത്തുകയുമാണ് നിയമപരമായ നടപടി ക്രമം. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യുവിൽ ഉണ്ടായ മാറ്റമാണ് വിവാദമായത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കോടതി ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കെതിരെ കേസ് എടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

കോടതിയുടെ കൈവശമുണ്ടായിരുന്ന മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധന നടത്തി എന്ന കാര്യം ഫോറൻസിക് ഫലത്തിലൂടെ തെളിഞ്ഞിരുന്നു. ഇതിന് തെളിവ് ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും ഇതിനെ സാധൂകരിക്കുന്നതാണ്. ഹർജി അടുത്ത മാസം 7 ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും ജൂലൈ 31 നുള്ളിൽ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദേശം.